കൊച്ചി: പിറവം കള്ളനോട്ട് കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്രെടുത്തേക്കും. കേസിൽ അന്തർസംസ്ഥാന കള്ളനോട്ട് സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നീക്കം. പ്രത്യേക സംഘം ഇന്നലെ ഏഴ് പ്രതികളുടെയും വീട്ടിൽ ഒരേ സമയം പരിശോധന നടത്തി. ചില നിർണായക രേഖകളടക്കം കണ്ടെത്തി. കൂടുതൽ വിവരങ്ങൾ വിവരങ്ങൾ സംഘം പുറത്തുവിടാൻ തയ്യാറായില്ല.
കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ തമിഴ്നാട്ടിലെ നോട്ടടി സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യാമാകൂവെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ എൻ.ഐ.എ പ്രാഥമിക വിവരശേഖരണം നടത്തി. അന്തർസംസ്ഥാന ബന്ധമുള്ള കേസിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കും. ഇലഞ്ഞി പൈങ്കുറ്റിയിലെ ഇരുനില വീടിന്റെ കരാർ കാലാവധി പൂർത്തിയാകും മുമ്പ് 30 കോടി രൂപയുടെ വ്യാജ കറൻസികളെങ്കിലും നിർമ്മിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. അറസ്റ്റിലാകും മുമ്പ് വരെ നിർമ്മിച്ച നോട്ടുകൾ തമിഴ്‌നാട്ടിലേയ്ക്ക് കടത്തിയിട്ടുണ്ട്. കേരളത്തിൽ അധികം വിതരണം ചെയ്തിട്ടില്ല. ഒറിജിനലിനൊപ്പം കിടപിടിക്കുന്ന നോട്ടുകൾ അച്ചടിക്കാൻ എല്ലാ സംവിധാനങ്ങളും ആഡംബരവീട്ടിൽ ഒരുക്കിയിരുന്നു.