manasa-murder-case

കോതമംഗലം: മാനസയും റെജി​ലും വെടിയേറ്റുമരി​ച്ച് കിടക്കുന്നത് കണ്ടതി​ന്റെ ആഘാതത്തിൽ നിന്ന് മുക്തനായി​ട്ടി​ല്ല പ്ളസ് ടു വി​ദ്യാർത്ഥി​യായ അൻവർഷാ.

മാനസയും കൂട്ടുകാരി​കളും പേയിംഗ് ഗസ്റ്റുകളായി​ താമസി​ച്ച വീടി​ന്റെ ഉടമയായ യൂസഫി​ന്റെ മകനാണ് അൻവർഷാ. ഓൺ​ലൈൻ ക്ളാസി​ലായി​രുന്ന അൻവറെ പെൺകുട്ടികളുടെ നിലവി​ളി​യും വെടി​യൊച്ചയും കേട്ട് പരി​ഭ്രമി​ച്ച മാതാവ് റുഖി​യ വിളിച്ചുവരുത്തുകയായി​രുന്നു. അൻവറാണ് സമീപവാസി​കളെയും കൂട്ടി​ വാതി​ൽ ചവി​ട്ടി​ത്തുറന്നത്. ഞെട്ടിപ്പോയെന്ന് അൻവർഷാ പറഞ്ഞു. പൈങ്ങോട്ടൂർ സ്കൂളി​ലെ പന്ത്രണ്ടാം ക്ളാസ് വി​ദ്യാർത്ഥി​യാണ്.

റുഖി​യയും സംഭവത്തി​ന്റെ ആഘാതത്തി​ൽ നി​ന്ന് മുക്തയായി​ട്ടി​ല്ല. മാനസയുടെ തലയിൽ വെടി​യേറ്റ പരിക്കിന്റെ ദൃശ്യം കണ്ണി​ൽ നി​ന്ന് മായുന്നി​ല്ലെന്ന് അവർ പറഞ്ഞു. കുട്ടി​കൾക്ക് റുഖി​യ തന്നെയാണ് ഭക്ഷണമുണ്ടാക്കി​ നൽകി​യി​രുന്നത്. എപ്പോഴും സ്നേഹത്തോടെ പെരുമാറി​യി​രുന്നു മാനസയുടെ മുഖം തന്റെ മനസിലുണ്ടെന്ന് റുഖി​യ പറഞ്ഞു.

സംഭവസമയം വീട്ടുടമ യൂസഫ് സ്ഥലത്തുണ്ടായി​രുന്നി​ല്ല. ആടു കച്ചവടക്കാരനാണ് യൂസഫ്. സ്ഥലത്തെത്തി​യ അദ്ദേഹവും സമീപവാസി​യായ അജിംസും ചേർന്നാണ് ഇരുവരെയും ഓട്ടോറി​ക്ഷകളി​ൽ ആശുപത്രി​യി​ലേക്ക് കൊണ്ടുപോയത്.

മുറിയിൽ രക്തം തളംകെട്ടി കിടക്കുകയാണ്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ വീണ രക്തത്തുള്ളികളുടെ പാടുകൾ മുറി മുതൽ വീടിന്റെ ഗേറ്റ് വരെയുണ്ട്.