gh

കൊച്ചി: വിശാലകൊച്ചി മേഖലയുടെ ഗതാഗതനയങ്ങൾ നടപ്പാക്കുന്നതിനായി രൂപീകരിച്ച കൊച്ചി മെട്രോ പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (കെ.എം.ടി.എ) നോക്കുകുത്തിയായി. 30 ഗ്രാമപഞ്ചായത്തുകളുടെയും 9 മുനിസിപ്പാലിറ്റികളുടെയും പാർക്കിംഗ് ഉൾപ്പെടെയുള്ള ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപീകരിച്ചത്. 2019 ൽ ഉദ്ഘാടനം കഴിഞ്ഞു രണ്ടര കോടി രൂപ അനുവദിച്ചു. റവന്യു ടവറിൽ ഓഫീസ് വാടകയ്ക്കെടുത്തു. സ്മാർട്ട് സിറ്റി മിഷൻ എം.ഡിയ്ക്ക് അതോറിറ്റിയുടെ സി.ഇ.ഒ പദവി കൂടി നൽകിയതല്ലാതെ നാളിതുവരെ ഒരു ജീവനക്കാരനെ പോലും നിയമിച്ചിട്ടില്ല.രാജ്യത്ത് ആദ്യമായി നിയമപിൻബലത്തോടെ രൂപീകരിച്ച ആദ്യത്തെ മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അവസ്ഥയാണിത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ചെയർമാൻ. ദേശീയ അർബൻ ഗതാഗത നയത്തിൽ ഇത്തരം അതോറിറ്റികൾ എല്ലാ നഗരങ്ങളിലും നിർബന്ധമാണ്. മെട്രോയ്ക്ക് അനുമതി ലഭിക്കുമ്പോൾ തന്നെ കേരളം അത് ഉറപ്പുനൽകിയിരുന്നു. ഇതനുസരിച്ചാണ് കൊച്ചിയിൽ കെ.എം.ടി.എ നിലവിൽ വന്നത്. ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

 ചുമതലകൾ

ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും മേൽനോട്ട ചുമതല

പൊതുഗതാഗത ഏകോപനം,നടത്തിപ്പ്,നിയന്ത്രണം, ആസൂത്രണം എന്നിവയ്ക്കുള്ള സ്വതന്ത്ര അധികാരം

ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിലെ തടസങ്ങൾ നീക്കുക

 വാഗ്‌ദാനങ്ങൾ പാഴായി

വിശാലകൊച്ചി മേഖലയാണ് അധികാരപരിധിയെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും വിജ്ഞാപനം വന്നപ്പോൾ അതു കോർപ്പറേഷനിലേക്ക് ചുരുങ്ങി. സ്വന്തമായി ഒരു ഫോൺ പോലും ഇല്ലാത്ത ഓഫീസ് അതോറിറ്റിയുടെ ദുരവസ്ഥയ്ക്ക് സാക്ഷ്യം നൽകുന്നു

ഒറ്റ ആപ്പിൽ സ്മാർട്ടായി

പരിമിതികൾക്കിടയിൽ നിന്നും മുഴുവൻ യാത്രയും ഒറ്റ ടിക്കറ്റിൽ എന്ന സങ്കല്പത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി യാത്രി ആപ്പ് പുറത്തിറക്കാൻ അതോറിറ്റിക്ക് കഴിഞ്ഞു. എളുപ്പ റൂട്ടുകൾ , ട്രാഫിക് ബ്ളോക്ക്, മോശം റോഡുകൾ എന്നിവയെക്കുറിച്ചുളള വിവരങ്ങൾ ആപ്പിൽ ലഭിക്കും. നിലവിലുളള പൊതു ഗതാഗത സംവിധാനങ്ങളിൽ എറ്റവും ചെലവ് കുറഞ്ഞും സൗകര്യ പ്രദവുമായ സംവിധാനം ആപ്പിലൂടെ അറിയാനാവും. കൊച്ചി മെട്രോ, വാട്ടർ മെട്രോ, ബസ് . കാർ ഓട്ടോ ഏത് സംവിധാനമാണ് സൗകര്യപ്രദമെന്ന് യാത്രക്കാരന് തിരഞ്ഞെടുക്കാം. ചുരുക്കത്തിൽ വഴി ചോദിച്ച് സമയം കളയേണ്ടതില്ലെന്ന് സാരം. വിനോദസഞ്ചാരികൾക്കും പ്രാദേശികമായ സഹായങ്ങൾ കൂടാതെ കൊച്ചി ചുറ്റിക്കാണാം.കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് യാഥാർത്ഥ്യമായതോടെ ഗതാഗതം കൂടുതൽ സ്മാർട്ടായി

 സർക്കാർ കനിയുമെന്ന പ്രതീക്ഷയിൽ

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ ജീവനക്കാരെ നിയമിക്കുമെന്ന് മന്ത്രി ആന്റണി രാജു പറയുന്നു. എറണാകുളം ജില്ലക്കാരനായ മന്ത്രി പി.രാജീവിന്റെ ഇടപെടൽ കൂടിയുണ്ടായാൽ അതോറിറ്റിയുടെ കാലക്കേട് മാറുമെന്നാണ് പ്രതീക്ഷ.