തൃപ്പൂണിത്തുറ : ഉദയംപേരൂർ തെക്കൻ പറവൂർ പി.എം.യു.പി സ്കൂളിന് സമീപം പെട്രോൾ പമ്പ് തുടങ്ങാനുള്ള നീക്കം അധികാരികൾ ഉപേക്ഷിക്കണമെന്ന് എസ്.എൻ.ഡി.പി യൂത്ത്മൂവ്മെന്റ് ഉദയംപേരൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് പരിധിയിൽ ആറോളം പെട്രോൾ പമ്പുകൾ സ്ഥിതി ചെയ്യുന്നുണ്ട്. എഴുന്നൂറോളം വിദ്യാർത്ഥികളും ഇരുപത്തിയഞ്ചോളം ജീവനക്കാരുമുള്ള സ്കൂളിന്റെ അഞ്ച് മീറ്റർ പോലും അകലമില്ലാതെ പെട്രോൾ പമ്പ് തുടങ്ങുന്നത് വിദ്യാർത്ഥികളോടുള്ള ക്രൂരതയാണ്. തീരുമാനം പിൻവലിക്കാൻ കമ്പനിയും, പ്രവർത്തനാനുമതി റദ്ദുചെയ്യാൻ അധികാരികളും തയ്യാറാകാത്തതിൽ ദുരൂഹതയുള്ളതായി യോഗം ആരോപിച്ചു. പമ്പ് സ്ഥാപനവുമായി മുന്നോട്ടു പോയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മേഖലീ ചെയർമാൻ ബാരിഷ് വിശ്വനാഥ്, ഉപാദ്ധ്യക്ഷൻ അനീഷ് എ.ബി, കൺവീനർ വിഷ്ണു രമേശൻ എന്നിവർ അറിയിച്ചു.