pic

കൊച്ചി: വീട്ടുപകരണങ്ങൾ പോലെ വാങ്ങാം വാറ്റുപകരങ്ങൾ ! ഓൺലൈൻ പരിജ്ഞാനവും അക്കൗണ്ടിൽ പണവും മാത്രം മതി. ഓർഡർ ചെയ്ത് ഏഴാംനാൾ വിദേശ നിർമ്മിത വാറ്റുപകരണം വീട്ടിലെത്തും. മദ്യം നിർമ്മിക്കാൻ അറിയില്ലെങ്കിൽ അതിനും ഓൺലൈൻ വിപണി സഹായിക്കും. അനായാസം മദ്യം നിർമ്മിക്കാനുള്ള വിവരങ്ങളടങ്ങിയ കൈപ്പുസ്തകവും ഇവിടെ സുലഭം. രണ്ടിനും ന്യായമായ വില. ഓഫറുണ്ടെങ്കിൽ വില പിന്നെയും താഴും. പൊന്നോണക്കാലം ലക്ഷ്യമിട്ടുള്ള വീട്ടുവാറ്റുകാരെ പൂട്ടാൻ എക്‌സൈസ് പതിനെട്ടടവും പയറ്റുന്നതിനിടെയാണ് ഓൺലൈൻ വിപണിയിൽ ചിത്രങ്ങൾ പരസ്യപ്പെടുത്തി കച്ചവടം.

14,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. സ്‌റ്റൈയ്ൻലസ് സ്റ്റീലിൽ നിർമ്മിച്ച കുക്കറിന് സമാനമാണ് രൂപം. ലിക്കർ മേക്കറെല്ലാം വിദേശ നിർമ്മിതമാണ്. 25,000 മുതൽ 55,000രൂപ നൽകിയാൽ മുന്തിയ കമ്പനിയുടെ ഉത്പന്നം കിട്ടും. കൈപുസ്തകത്തിന് 200 മുതലാണ് വില. വിദേശ കമ്പനികളാണ് പ്രസാദകർ.കേരളത്തിൽ ഏറെ പ്രചാരമുള്ള ഓൺലൈൻ വ്യാപാര സൈറ്റുകളിലടക്കം നിയമം കാറ്റിൽ പറത്തിയാണ് വാറ്റ് ഉപകരണങ്ങൾ വല്പനയ്ക്ക് വച്ചിരിക്കുന്നത്. നിരവധി വിദേശ സൈറ്റുകളിലും ലിക്കർ മേക്കർ ലഭ്യമാണെങ്കിലും 50,000ന് മുകളിലുമാണ് വില. ഇത്തരം സൈറ്റുകളിലെ വാറ്റുപകരണങ്ങളുടെ വില്പന തടയാൻ നേരത്തെ എക്‌സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിംഗ് കർശന നിർദ്ദേശം നൽകിയിരുന്നു

കിട്ടും പത്ത് വർഷം
 വ്യാജ മദ്യം നിർമ്മിക്കുന്നതും കൈയിൽ സൂക്ഷിക്കുന്നതിനും പത്ത് വർഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ.

 പത്ത് മില്ലി വ്യാജ ചാരായം നിർമ്മിച്ചാലും പത്ത് ലിറ്റർ നിർമ്മിച്ചാലും ജയിൽ വാസം ഉറപ്പ്.

അന്ന് സിംഗ് വാങ്ങി ഒരെണ്ണം

വാറ്റ് ഉപകരണങ്ങൾ ഓൺലൈൻ വഴി ലഭിക്കുമെന്നറിഞ്ഞ് അന്ന് ഋഷിരാജ് സിംഗ് ഒരെണ്ണം കൈയോടെ ബുക്ക് ചെയ്തു. വൈകാതെ ബുക്കിംഗ് നമ്പർ വന്നു. നമ്പർ അയച്ചവരെ കമ്മിഷണർ വിളിച്ചു. കമ്മിഷണറാണെന്ന് മനസിലായതോടെ അവർ മാപ്പ് പറഞ്ഞ് തടിതപ്പി. കൊറിയർ കമ്പനിയാണെന്നും വരുന്ന സാധനങ്ങൾ എത്തിക്കുന്നുവെന്നേയുള്ളൂ എന്നാണ് അന്ന് അവർ പറഞ്ഞത്. ഉടൻ തന്നെ കമ്മിഷണർ വിതരണക്കാരുടെ ഏജന്റുമാരെ ബന്ധപ്പെട്ടു. ഇത്തരം സാധനങ്ങൾ കേരളത്തിൽ വിൽക്കുന്നില്ലെന്നായിരുന്നു അവരുടെ നിലപാട്. 24,000 രൂപ വിലയുള്ള ഉപകരണം 3000 രൂപ ഇളവോടെയാണ് ഋഷിരാജ് സിംഗ് ബുക്ക് ചെയ്തത് !

 ഓൺലൈൻ വഴിയുള്ള വില്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിലെ പരിശോധിയിൽ ഈ വിധമുള്ള വാറ്ര് നിർമ്മാണ ഉപകരണം കണ്ടെത്തിയിട്ടില്ല. എങ്കിലും ഇതുസംബന്ധിച്ച് നിരീക്ഷണം ശക്തമായി തുടരും''

എ.ടി അശോക് കുമാർ

ഡെപ്യുട്ടി കമ്മിഷണർ

എക്സൈസ്, എറണാകുളം