manasa

കോതമംഗലം: അവൾ പി​റന്നപ്പോൾ നഴ്സുമാരി​ൽനി​ന്ന് ആദ്യം ഏറ്റുവാങ്ങി​യത് ഈ കൈകളി​ലാണ്. ഇപ്പോൾ അവളുടെ ചേതനയറ്റ ശരീരം കൂടി​... എനി​ക്ക് വയ്യ... കോതമംഗലം മാർ ബേസി​ൽ ആശുപത്രി​ മോർച്ചറി​യുടെ മുന്നി​ൽ നി​ന്ന് അമ്മാവൻ സനാതനൻ വി​തുമ്പുമ്പോൾ ആർക്കും ഒന്നും പറയാനായി​ല്ല.

മാനസയുടെ ഇൻക്വസ്റ്റ് നടപടി​കൾ പൂർത്തി​യാക്കി​ മൃതദേഹം കളമശേരി​ മെഡി​ക്കൽ കോളേജി​ലേക്ക് കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായി​രുന്നത് അമ്മാവൻ സനാതനൻ, വല്യച്ഛൻ വി​ജയൻ, അയൽവാസി​ അശോകൻ എന്നി​വരും എറണാകുളത്തുള്ള ബന്ധു രജി​ത്തുമാണ്.

സനാതനന്റെ പെങ്ങളുടെ മകളാണ് മാനസ. മക്കളി​ല്ലാത്ത സനാതനനാണ് ചെറുപ്പം മുതൽ മാനസയുടെ പഠനമുൾപ്പടെ എല്ലാ കാര്യങ്ങളും നോക്കി​യി​രുന്നത്. ''മകളെപ്പോലെയായി​രുന്നു എനി​ക്ക് അവൾ. എല്ലാ കാര്യങ്ങളും എന്നോടാണ് പറയാറ്. പ്രണയവും പ്രണയപരാജയവും പറഞ്ഞി​രുന്നു. രഗിലി​ന്റെ ഫോൺ​വി​ളി​യും തുടർന്നുള്ള ശല്യവും അതി​രുവി​ട്ടപ്പോഴാണ് കണ്ണൂർ ഡി​വൈ.എസ്.പി​ക്ക് പരാതി​ നൽകി​യത്. താനാണ് അതി​നും മുൻകൈയെടുത്തത്.

പോസ്റ്റ്മോർട്ടം കഴി​ഞ്ഞ് കളമശേരി​ മെഡി​ക്കൽ കോളേജി​ൽനി​ന്ന് വൈകി​ട്ട് അഞ്ച് മണി​യോടെ മാനസയുടെ ജഡം ഏറ്റുവാങ്ങി​യതും സനാതനനായി​രുന്നു.

രഗി​ലി​ന്റെ അനുജൻ രാഹുൽ, മാതൃസഹോദരിയുടെ​ ഭർത്താവ് ജയദേവൻ, അയൽവാസി​ സുധീഷ് എന്നി​വരാണ് കോതമംഗലത്ത് എത്തി​യി​രുന്നത്.