കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് സർക്കാരിൽ നിന്ന് പ്രത്യേകം ഭരണ - സാങ്കേതികാനുമതി വാങ്ങേണ്ടെന്ന് ഹൈക്കോടതി. ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരമുള്ള ജോലികൾ അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ വെള്ളക്കെട്ട് ഒരിക്കലും പരിഹരിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് ഇതു പറഞ്ഞത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ മൂന്നാം ഘട്ട ജോലികൾക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും തേടി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. എന്നാൽ 2019 നവംബർ 11 ന് ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പല ഘട്ടമായാണ് പണി നടക്കുന്നതെങ്കിലും ഒറ്റപദ്ധതിയാണിത്. ആ നിലയ്ക്ക് ഒാരോ ഘട്ടത്തിനും പ്രത്യേക അനുമതി വാങ്ങേണ്ടതില്ല - ഹൈക്കോടതി പറഞ്ഞു.
7.5 കോടി രൂപ കൂടി വേണം
ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് വേണ്ടി 7.5 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി മേയർ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡുമായി ചർച്ച നടത്തിയെന്നും തുക അനുവദിക്കാനുള്ള അപേക്ഷ നൽകിയെന്നും നഗരസഭ വ്യക്തമാക്കി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെ ഹർജിയിൽ കക്ഷി ചേർത്ത സിംഗിൾ ബെഞ്ച് ഇക്കാര്യത്തിൽ ആഗസ്റ്റ് അഞ്ചിന് വിശദീകരണം നൽകാനും നിർദ്ദേശിച്ചു. മൈനർ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന ബാജി ചന്ദ്രന് സൂപ്രണ്ടിംഗ് എൻജിനീയറായി പ്രൊമോഷൻ ലഭിച്ചെങ്കിലും പദ്ധതിയുടെ മേൽനോട്ടം അദ്ദേഹം തന്നെ വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വടുതല ബണ്ട് : കേസിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം
വടുതലയിലെ വിവാദ ബണ്ടിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പുഴയുടെ വീതിയിലുണ്ടായ കുറവും മാലിന്യങ്ങൾ അടിഞ്ഞു കൂടിയതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇൗ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി പറഞ്ഞു. മറ്റൊരു ഹർജിയിൽ ബണ്ട് നീക്കം ചെയ്യാൻ വല്ലാർപാടം റെയിൽവെ ടെർമിനലിന്റെ കരാറുകാരനോടു ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതു ചെയ്യാമെന്ന് കരാറുകാർ സമ്മതിച്ചതു രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഇൗ കേസിന്റെ വിവരങ്ങൾ ഹാജരാക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകി. ഹർജി ആഗസ്റ്റ് അഞ്ചിന് വീണ്ടും പരിഗണിക്കും.