ആലുവ: നിയമസഭയിൽ വരെ ചർച്ചയായ ആലുവ പറമ്പയത്ത് ആശുപത്രി മാലിന്യം നിക്ഷേപിക്കുന്നതിന് ഒത്താശ നൽകിയ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ എസ്.പി കെ. കാർത്തിക് ഡി.ഐ.ജിക്ക് ശിപാർശ നൽകി.

ഹൈവേ പൊലീസിലെ ഉൾപ്പെടെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി മാലിന്യ നിക്ഷേപത്തിന് ഒത്താശ ചെയ്യുകയായിരുന്നുവെന്ന അൻവർ സാദത്ത് എം.എൽ.എയുടെ ആക്ഷേപമാണ് നടപടിക്ക് വഴിയൊരുക്കിയത്. ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയതിന് പുറമെ നിയമസഭയിലും എം.എൽ.എ വിഷയം ഉന്നയിച്ചു. ഇതേതുടർന്ന് ഒൻപത് ടോറസുകളും, കാറും പിടികൂടിയതിന് പുറമെ 12 പേർക്കെതിരെ കേസും എടുത്തിരുന്നു. ജൂലായ് ആറിന് അർദ്ധരാത്രിയാണ് സംഭവം. എസ്.പിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തുകയും സംഭവ ദിവസം സി.ആർ.വി 3 ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ജൂലായ് 20ന് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫീസിലേക്ക് റിപ്പോർട്ട് നൽകിയതായും ആലുവ ഡിവൈ. എസ്.പി ഇ.എൻ സുരേഷ് അൻവർ സാദത്ത് എം.എൽ.എയെ രേഖമൂലം അറിയിക്കുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുറന്തള്ളുന്ന പി.പി.ഇ കിറ്റുകൾ, ഓപ്പറേഷൻ തിയറ്ററിലെ പാഴ് വസ്തുക്കൾ, മരുന്നുകൾ, രോഗ പകർച്ചവ്യാധിയുണ്ടാക്കുന്ന അവശിഷ്ടങ്ങൾ, ചാക്കുകളിലാക്കി ഉപേക്ഷിച്ച ദുർഗന്ധം വമിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാരക രോഗ ഭീഷണി ഉയർത്തുന്ന ടൺ കണക്കിന് മാലിന്യങ്ങൾ നിക്ഷേപിച്ചത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തള്ളിയത്. സി.സി.ടി.വി കാമറയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മാലിന്യം തള്ളുന്നത് ഹൈവെ പൊലീസ് യഥാസമയം കണ്ടിരുന്നുവെങ്കിലും സംഘത്തിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി ഉടൻ സ്ഥലം വിട്ടതായും ആക്ഷേപം ഉയർന്നിരുന്നു.

മെഡിക്കൽ കോളജിൽ നിന്ന് മാലിന്യം നീക്കാൻ കരാറെടുത്തവരുടെ കരാർ റദ്ദാക്കണമെന്നും ആരോഗ്യ മന്ത്രിയോട് എം.എൽ.എ ആവശ്യപ്പെട്ടു. മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും നടപടി വേണമെന്ന് മോട്ടോർ വാഹന വകുപ്പിനോടും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.