പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ പത്താം വാർഡിൽ കേരളാ ഫുഡ് കോർട്ടിനു സമീപം ആസാദ് സൂപ്പർ മാർക്കറ്റിനായി അനധികൃതമായി പണിതുവരുന്ന കെട്ടിട നിർമാണത്തെക്കുറിച്ചുള്ള പരാതി 30 ദിവസത്തിനകം തീർപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. സോഷ്യൽ ജസ്റ്റീസ് വിജിലൻസ് ഫോറം സംസ്ഥാന സെക്രട്ടറി ബിനീഷ് കോയിക്കൽ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി പരിഗണിച്ച് കൊണ്ടാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവർ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതാണ്. കഴിഞ്ഞ നവംബറിലാണ് പാടശേഖരങ്ങളിലാണ് അനധികൃത നിർമാണം നടത്തിയത്. ഏകദേശം 60,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സംസ്ഥാനപാതക്കഭിമുഖമായിട്ടാണ് ബഹുനില കെട്ടിടം പണി കഴിപ്പിച്ചത്. ഒക്കൽ പഞ്ചായത്തിൽ അപേക്ഷ നൽകാതെയാണ് നിർമാണം നടത്തുന്നതെന്ന് ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അനധികൃത നിർമാണത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ സോഷ്യൽ ജസ്റ്റീസ് വിജിലൻസ് ഫോറം പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി. എന്നാൽ പഞ്ചായത്ത് സെക്രട്ടറി പേരിന് സ്റ്റോപ്പ് മെമ്മോ നൽകി നിർമാണത്തിന് മൗനാനുവാദം നൽകുകയായിരുന്നുവെന്നാണ് ആരോപണം. സെക്രട്ടറിയും, അധികൃതരും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും ജില്ലാ കളക്ടർ, ആർ.ഡി.ഒ, ചീഫ് ടൗൺ പ്ലാനർ വിജിലൻസ്, തഹസിൽദാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. സാം ഐസക് പൊതയിൽ, സെക്രട്ടറി ബിനീഷ് കോയിക്കൽ, ട്രഷറർ ബൈജു മേനാച്ചേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.