hareesh-
ഹരീഷ്. ആർ. നമ്പൂതിരിപ്പാട്

പിറവം: ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനുമായ കാക്കൂർ ഹരീഷ്. ആർ. നമ്പൂതിരിപ്പാട് പ്രഥമ ഭാഷാപൂർണിമ പുരസ്‌കാരത്തിന് അർഹനായി. മലയാളഭാഷ വിജ്ഞാനപോഷിണി പദ്ധതിയായ വായനപൂർണിമ ഏർപ്പെടുത്തിയ പുരസ്‌കാരം വരുന്ന അദ്ധ്യാപക ദിനത്തിൽ സമ്മാനിക്കും. കുട്ടികൾക്കായി കഥ പറയൽ എന്ന തനതു കർമ്മ പദ്ധതി ആവിഷ്കരിച്ചത് പരിഗണിച്ചാണ് അംഗീകാരം. ശ്രേഷ്ഠഭാഷ വർഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ ഭരണകൂടവും ചേർന്ന് 2014 ൽ തുടക്കം കുറിച്ചതാണ് വായന പൂർണിമ.

കൊവിഡ് കാലത്ത് കുട്ടികളുടെ വിരസത അകറ്റുന്നതിനായി നവമാധ്യമങ്ങളിലൂടെ 2020 മാർച്ച് 31നാണ് ഹരീഷ് കഥപറച്ചിൽ ആരംഭിച്ചത്. മുന്നൂറാമത്തെ കഥ നവമാധ്യമങ്ങളിലൂടെ പങ്കുവച്ച ദിവസമാണ് അപ്രതീക്ഷിത പുരസ്‌കാരമെത്തുന്നത്. ഓൺലൈൻ പഠന കാലത്ത് കുട്ടികളെ പഠനത്തിലേക്ക് ആകർഷിക്കുവാനാണ് കുഞ്ഞിക്കഥകളും കുട്ടിക്കവിതകളുമായി ഹരീഷ് ഇങ്ങനെയൊരു പദ്ധതിക്ക്‌ തുടക്കമിട്ടത്.

42 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് കൂടാതെ ഇരുന്നൂറിലധികം കഥകൾ 16 മാസങ്ങൾക്കിടയിൽ ഇദ്ദേഹം എഴുതി.