പെരുമ്പാവൂർ: വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് മണ്ണെടുക്കുന്നതും പാടം നികത്തുന്നതും നിരോധിച്ചു കൊണ്ടുള്ള മുൻ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം നിലനിർത്തുന്നതിനും നടപ്പാക്കുന്നതിനും തയ്യാറാകണമെന്ന് പരിസ്ഥിതി സംരക്ഷണ കർമ്മസമിതി അവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രദേശത്ത് സംഭവിക്കുന്ന മണ്ണിടിച്ചിലിന് പ്രധാനകാരണം അനിയന്ത്രിതമായി നടത്തിയ മണ്ണെടുപ്പാണ്. കഴിഞ്ഞ ദിവസം പെരുമാനിയിലെ കലയംതുരുത്തിലെ വീടുകൾക്ക് ഭീഷണയായി മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

വെങ്ങോലയിൽ നിയമവിരുദ്ധമായി മലകൾ തുരന്ന് മണ്ണെടുത്തതും പാടശേഖരങ്ങൾ നികത്തിയതും സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം ഏർപ്പെടുത്തുകയും അനധികൃതമായി മണ്ണെടുത്തതിന് ഉത്തരവാദികളിൽ നിന്ന് പിഴയും നഷ്ടപരിഹാരവും ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ചെയർമാൻ വർഗീസ് പുല്ലുവഴി അദ്ധ്യക്ഷനായി. ശിവൻകദളി, എം.കെ.ശശീധരൻപിള്ള , കെ.വി.മത്തായി, അബ്ദുൾ ജബ്ബാർ മേത്തർ , ടി.എ.വർഗീസ് എന്നിവർ സംസാരിച്ചു.