വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവിഷ്‌ക്കരിച്ച സമഗ്ര വൈപ്പിൻ വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് തുടക്കം. എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണ ചരിത്രവിജയം കൈവരിച്ച നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും പദ്ധതിയുടെ ഭാഗമായി എം.എൽ.എ ആദരവും അനുമോദനവും അർപ്പിക്കും. മുഴുവൻ എപ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികളെയും നൂറുമേനി വിജയം കൊയ്ത എല്ലാ സ്‌കൂളുകളെയുമാണ് റോട്ടറി ക്‌ളബിന്റെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ ഉപഹാരങ്ങൾ നൽകി ആദരിക്കുകയെന്ന് വിദ്യാഭ്യാസ പദ്ധതി കോഓർഡിനേറ്റർ എ.പി. പ്രിനിൽ അറിയിച്ചു.

ഇന്ന് രാവിലെ 10ന് ഓച്ചന്തുരുത്ത് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. റോട്ടറി നിയുക്ത ഗവർണർ രാജ്‌മോഹൻ നായർ മുഖ്യാതിഥിതിയാകും. കൊച്ചി റോട്ടറി ക്‌ളബ് പ്രസിഡന്റ് എം.പി. മുരളീധരൻ, റോട്ടറി ക്ലബ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ജോൺ മാത്യു, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ആൽബി കളരിക്കൽ, കെ.വി. എബ്രഹാം, പി.കെ. രാജീവ്, എം.സി. സുനിൽകുമാർ എന്നിവർ പ്രസംഗിക്കും.

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ പ്രതിനിധികളെയാണ് സ്‌കൂൾ അധികൃതർ പങ്കെടുപ്പിക്കുക. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ പ്രധാനാദ്ധ്യാപകരോ പ്രതിനിധികളോ പങ്കെടുക്കും. മറ്റെല്ലാ വിദ്യാർത്ഥികൾക്കും സ്‌കൂളുകൾ മുഖേന ഉപഹാരങ്ങൾ എത്തിക്കും.