കൊച്ചി: ജിഡ പദ്ധതിയിൽ ഉൾപ്പെടുത്തി എടവനക്കാട് പഞ്ചായത്തിൽ ആധുനിക മാർക്കറ്റ് സ്ഥാപിക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽ.എ പറഞ്ഞു. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തി ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ലക്ഷ്യമിടുന്ന ജനസമ്പർക്ക പരിപാടിയിൽ ആദ്യത്തേതാണ് എടവനക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്നത്. സർക്കാർ വകുപ്പുകളുടെ ഏകോപനവും ഗ്രാമപഞ്ചായത്തിന് അതീതമായ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരവും എം.എൽ.എ ഉറപ്പ് നൽകി. കൊവിഡ് പ്രതിരോധം, ഡിജിറ്റൽ വിദ്യാഭ്യാസം ഉൾപ്പെടെ അനുബന്ധ പ്രവർത്തനങ്ങൾ, കടൽക്ഷോഭ പ്രതിരോധ തുടർ പ്രവർത്തനങ്ങൾ, ഗതാഗതം, പട്ടികജാതി വർഗ വിഭാഗങ്ങളുടെയും ഭിന്ന ശേഷിക്കാരുടെയും കിടപ്പുരോഗികളുടെയും ക്ഷേമം മത്സ്യത്തൊഴിലാളികൾക്കുള്ള സഹായം എന്നിവയെല്ലാം സമയബന്ധിതമായി ജനങ്ങളിലെത്തുന്നുവെന്ന് ജനപ്രതിനിധികൾ ഉറപ്പാക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ സാങ്കേതിക സഹായങ്ങൾ ഒരുക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.

ജനപ്രതിനിധികളുടെ പാരാതികൾക്കും ആവശ്യങ്ങൾക്കും എം.എൽ.എ. തത്സമയം പരിഹാരം നിർദ്ദേശിക്കുന്നതിനൊപ്പംപൊതുജനങ്ങളിൽ നിന്നുള്ള പരാതികളിൽ അടിയന്തരപ്രാധാന്യമുള്ളവയ്ക്ക് പരിഹാരമുണ്ടാക്കി.


ജനസമ്പർക്ക അവലോകന യോഗം

രണ്ടാഴചയ്ക്കുശേഷം

രണ്ടാഴചയ്ക്കുശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന ജനസമ്പർക്ക അവലോകന യോഗം വിളിക്കുമെന്നും എം.എൽ.എ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം അദ്ധ്യക്ഷത വഹിച്ചു. കടൽക്ഷോഭം, റോഡുകൾ, തീരാ മേഖല മാനേജ്‌മെന്റ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന എടവനക്കാട് പഞ്ചായത്തിന്റെ നിവേദനം പ്രസിഡന്റ് എം.എൽ.എയ്ക്ക് നൽകി. വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, സെക്രട്ടറി സി.ജെ.റീജ എന്നിവർ പ്രസംഗിച്ചു.