പിറവം: തിരുമാറാടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനം അഭ്യർത്ഥിച്ച് പഞ്ചായത്ത് അധികൃതർ മന്ത്രി വീണ ജോർജിന് നിവേദനം നൽകി.13 വാർഡുകളുള്ള പഞ്ചായത്തിലെ 19000ത്തോളം വരുന്ന ആളുകളുടെ ചികിത്സാ കേന്ദ്രമാണ് തിരുമാറാടി എഫ്.എച്ച്.സി.
എഫ്.എച്ച്.സി യുടെ ആദ്യകാലത്ത് എൻ.എച്ച്.എം. ഡോക്ടറുടെ സേവനം ഉണ്ടായിരുന്നു. ഇപ്പോൾ ഏറെ നാളുകളായി അത് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഉച്ചക്ക് ശേഷമുള്ള ഒ.പി ഇവിടെ നടക്കുന്നില്ല. ഇതുമൂലം രോഗികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്. പഞ്ചായത്തിന്റെ പരിമിതിക്കുള്ളിൽ നിന്ന് ആരോഗ്യ രംഗത്ത് പരമാവധി ഇടപെടൽ നടത്തുമ്പോഴും ഡോക്ടറുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആശുപത്രിയുടെ പ്രവർത്തന സമയം വൈകിട്ട് 6 വരെയാക്കണമെന്നും അതിനായി ആശുപത്രിയിലേക്ക് ഒരു ഡോക്ടറെയും ആവശ്യത്തിന് ജീവനക്കാരെയും അനുവദിക്കണമെന്നും പാലിയേറ്റിവ് ചികിത്സക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്നും മണ്ണത്തൂർ ആയൂർവേദ ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കണമെന്നും വിഷ ചികിൽസ കേന്ദ്രം ആരംഭിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു. നിവേദനങ്ങൾ പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ, വൈസ് പ്രസിഡന്റ് എം. എം. ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. സന്ധ്യമോൾ പ്രകാശ്, സി. വി. ജോയി എന്നിവർ പങ്കെടുത്തു.