മാർക്കറ്റിൽ തിങ്കളാഴ്ച മുതൽ വാക്സിനേഷൻ ഡ്രൈവ്
.
കൊച്ചി: ഓണക്കച്ചവടം സുഗമമാക്കാൻ കൊച്ചി കോർപ്പറേഷൻ. കച്ചവട സ്ഥാപനങ്ങൾ അനന്തമായി അടച്ചിടുന്നത് നാടിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഇടപെടൽ നടത്തുന്നതെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി മേയറുടെ അദ്ധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ ടി.ജെ.വിനോദ് എം.എൽ.എ, കളക്‌ടർ ജാഫർ മാലിക്, സിറ്റി പൊലിസ് കമ്മീഷണർ സി.എച്ച്. നാഗരാജു , വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പശ്ചിമകൊച്ചി, പള്ളുരുത്തി മേഖലകളിലും ഇതേ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
യോഗതീരുമാനങ്ങൾ
(1) എറണാകുളം മാർക്കറ്റും, ബ്രേഡ് വേ യും കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന ശക്തമാക്കും.
(2) തിങ്കളാഴ്ച മുതൽ മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ എന്നിവർക്കായി വാക്‌സിനേഷൻ ഡ്രൈവ് ആരംഭിക്കും. ഒരു ദിവസം രണ്ടായിരം പേർക്ക് വാക്സിൻ നൽകും.
(3) ഓണക്കാലത്തെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി മാർക്കറ്റ്, ബ്രോഡ് വേ ഭാഗത്ത് വൺവേ സംവിധാനം ഏർപ്പെടുത്തും
(4) തെരുവ് കച്ചവടം നിയന്ത്രിക്കും.
(5) മാർക്കറ്റിന് പുറത്ത് പാർക്കിംഗ് സൗകര്യം ഒരുക്കും
(6) ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുളള സ്ഥലം പാർക്കിംഗിന് അനുവദിക്കുന്നതിനായി മേയറും, കളക്ടറും ജി.സി.ഡി.എ. അധികൃതരുമായി ചർച്ച നടത്തും.
(7) ഓണക്കാലത്ത് മാർക്കറ്റിലെ മാലിന്യങ്ങൾ രാതി 7 മുതൽ 10 മണിക്കുളളിൽ കോർപ്പറേഷൻ ചെയ്തു തീർക്കും. അപ്രകാരം ചെയ്യുമ്പോൾ മാർക്കറ്റിൽ ഒഴിവ് വരുന്ന കായ മാർക്കറ്റിലെ സ്ഥലം പാർക്കിംഗിനായി ഉപയോഗപ്പെടുത്തും