കൊച്ചി: കൃത്യമായ ഇടവേളകളിലെ പരിശോധനകളും പഴുതടച്ച ക്വാറന്റീനും എല്ലാവർക്കും പ്രതിരോധ വാക്സിൻ പ്രവർത്തനങ്ങൾ നടത്തിയതുമൂലവും ടി.പി.ആർ 10ന് മുകളിൽ എത്താതെ എപ്ലസ് ഗ്രേഡ് നിലനിറുത്തി പൂതൃക്ക, പാലക്കുഴ, മാറാടി പഞ്ചായത്തുകൾ. ക്വാറന്റീൻ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മൂന്ന് പഞ്ചായത്തുകളുടെയും പ്രസിഡന്റുമാർ പറഞ്ഞു. പലപ്പോഴും മുഖം നോക്കാതെ നടപടി സ്വീകരിക്കേണ്ടി വന്നതായി പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്.
നിലവിൽ പഞ്ചായത്തിന്റെ ടി.പി.ആർ 1.47 ആണ്. 14 വാർഡുകളിലും പഞ്ചായത്തംഗങ്ങൾ ഒരുമിച്ചുള്ള പ്രവർത്തനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ ഒന്നാകെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായപ്പോൾ മഹാമാരിയെ നിയന്ത്രിക്കാൻ കഴിഞ്ഞ പാഠമാണ് പാലക്കുഴ പഞ്ചായത്ത് പഠിപ്പിക്കുന്നത്. വാർഡുതല സമിതികൾ കൊവിഡിനെ നിയന്ത്രിക്കാൻ ആത്മാർത്ഥ പരിശ്രമമാണ് നടത്തിയതെന്ന് പ്രസിഡന്റ് കെ.എ.ജയ പറഞ്ഞു. 13 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ ടി.പി.ആർ 4.45 ആണ്. കോവിഡ് ടെസ്റ്റിനു പ്രാധാന്യം നൽകിയുള്ള പ്രതിരോധത്തിനാണ് മുൻതൂക്കം നല്കിയതെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി. 13 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ 7.13 ആണ് ടി.പി.ആർ.