കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറം (എസ്.എൽ.എഫ്) ഇന്നലെ ലക്ഷദ്വീപിൽ കരിദിനം ആചരിച്ചു. എസ്.എൽ.എഫുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു കരിദിനാചരണം. കറുത്ത മാസ്കും വസ്ത്രങ്ങളും ധരിച്ചും വീടുകളിൽ കരിങ്കൊടി കെട്ടിയുമായാണ് പ്രതിഷേധിച്ചത്.
പട്ടേൽ ഇന്ന് മടങ്ങില്ലെന്ന് സൂചന
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ദ്വീപിൽനിന്ന് മടങ്ങില്ലെന്ന് സൂചന. നാളെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്താൻ സാദ്ധ്യതയുണ്ട്.
ലക്ഷദ്വീപിൽ ഉന്നത ഉദ്യോഗസ്ഥർക്ക് അധിക ചുമതല
ലക്ഷദ്വീപിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്‌ട്രേറ്റർ നിലവിലെ പദവികൾക്ക് പുറമെ കൂടുതൽ ചുമതലകൾ നൽകി ഉത്തരവായി. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് എ. അൻപരശിന് അഡ്മിനിസ്‌ട്രേഷൻ, വിദ്യാഭ്യാസം, വ്യവസായം, സഹകരണം എന്നീ വിഭാഗങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ് അധികം നൽകിയത്.
കളക്ടർ എസ്. അസ്‌കർ അലിക്ക് ടൂറിസം സെക്രട്ടറിയുടെയും സ്‌പോർട്‌സ് ചെയർമാന്റെയും ചുമതലയുമുണ്ടാകും.
സ്‌പെഷ്യൽ സെക്രട്ടറി ഒ.പി. മിശ്ര മൃഗസംരക്ഷണവകുപ്പ് സെക്രട്ടറിയുടെയും വ്യവസായവകുപ്പ് ഡയറക്ടറുടെയും കൂടി ചുമതല വഹിക്കണം. മറ്റൊരു സ്‌പെഷ്യൽ സെക്രട്ടറിയായ സുശീൽസിംഗിന് വൈദ്യുതിവകുപ്പ് സെക്രട്ടറി, ടൂറിസം, ഐ.ടി വകുപ്പ് ഡയറക്ടർ പദവികളും നൽകി.