കൊച്ചി: കപ്പൽശാലയിൽ വ്യാജരേഖയുപയോഗിച്ച് ജോലിചെയ്ത സംഭവത്തിൽ പിടിയിലായ അഫ്ഗാൻ പൗരൻ ഈദ്ഗുലിനെ (23) ഷിപ്പ് യാർഡിൽ എത്തിച്ച് തെളിവെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു തെളിവെടുപ്പ്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും എത്തിച്ചു. ഈദ്ഗുലിനെ എറണാകുളം അസി.പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് തിങ്കളാഴ്ചമുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈദ്ഗുൽ. ഇന്നലെയാണ് ഡിസ്ചാർജായത്. പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘനകളുമായി ബന്ധമുണ്ടോയെന്ന കാര്യം ചോദ്യംചെയ്യലിൽ പൊലീസ് സ്ഥിരീകരിക്കും.
പ്രതിയെ അറസ്റ്റുചെയ്ത സമയത്ത് നടത്തിയ ചോദ്യംചെയ്യലിൽ തനിക്ക് അത്തരം ബന്ധമൊന്നുമില്ലെന്നും ജോലിക്കായി എത്തിയതാണെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ ഈ കാര്യങ്ങളൊന്നും പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഈദ്ഗുൾ ഇന്ത്യയിൽ എത്തും മുന്നേ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിരുന്നോ, ജോലിക്ക് പ്രവേശിക്കാൻ വ്യാജ രേഖയുണ്ടാക്കിയതാരാണ്, ജോലി തരപ്പെടുത്തി നൽകിയത് ആരാണ് എന്നീ കാര്യങ്ങളിൽ വ്യക്തതവരാൻ ചോദ്യംചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എട്ടുദിവസം കസ്റ്റഡിയിലുള്ളതിനാൽ ഈദ്ഗുലിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചോദ്യംചെയ്യാൻ സാദ്ധ്യതയുണ്ട്.