പള്ളുരുത്തി: കുമ്പളങ്ങിയിൽ പനമ്പുകാട് പ്രദേശത്തെ ചാലിൽനിന്ന് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കുമ്പളങ്ങിയിൽനിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ യുവാവിന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.

ജൂലായ് പത്തിനാണ് പഴങ്ങാട്ടുപടിക്കൽ ലാസർ ആന്റണിയെ (44) കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ലാസറിനെ കാണാതായെങ്കിലും ഇയാളുടെ ഫോൺ ഇടയ്ക്കിടെ കുമ്പളങ്ങിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്വിച്ച് ഓൺ ചെയ്തിരുന്നു. ഈ പ്രദേശങ്ങളിൽ പൊലീസ് നിരന്തരം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുമ്പളങ്ങി പഞ്ചായത്ത് ഏഴാംവാർഡിലെ വ്യാസപുരം റോഡിന് സമീപമുള്ള ഒഴിഞ്ഞ വീടിനു സമീപത്തുനിന്ന് പ്രദേശവാസിക്ക് ഫോൺ ലഭിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് പൊലീസ് പനമ്പുകാട് പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് ചാലിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. അഴുകിയ നിലയിലായിരുന്നു. ബന്ധുക്കൾ വസ്ത്രം കണ്ട് ലാസർ ആന്റണിയുടേതാണ് മൃതദേഹമെന്ന് പറയുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധന റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തിയശേഷമേ സംഭവത്തിൽ വ്യക്തതവരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

 കൊലപാതകമെന്ന് ബന്ധുക്കൾ

ലാസറിനെ കാണാതായി ദിവസങ്ങൾക്കുള്ളിൽ കൊലപാതകമായിരിക്കാമെന്ന ആരോപണം ബന്ധുക്കളും സുഹൃത്തുക്കളും ഉയർത്തിയിരുന്നു. ലാസറും ചിലരുമായി സംഘർഷമുണ്ടായിരുന്നു. ജൂലായ് എട്ടാം തീയതി രാത്രി വീണ്ടും വാക്കേറ്റമുണ്ടായി. ഇതേത്തുടർന്നുള്ള സംഭവങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.