drivers-cabin

 ജൂണിൽ കാർ, എസ്.യു.വി മൊത്ത വില്പനയിൽ 148% മുന്നേറ്റം

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച മാന്ദ്യത്തിൽ നിന്ന് ആഭ്യന്തര വാഹന വിപണി കരകയറുന്നുവെന്ന് സൂചിപ്പിച്ച്,​ കഴിഞ്ഞമാസം മൊത്തവില്പനയിൽ ദൃശ്യമായത് വൻ മുന്നേറ്റം. ആകെ 2.55 ലക്ഷം പുതിയ വാഹനങ്ങൾ കഴിഞ്ഞമാസം ഫാക്‌ടറികളിൽ നിന്ന് ഷോറൂമുകളിലേക്കെത്തി. 2020 ജൂണിൽ വില്പന 1.17 ലക്ഷം യൂണിറ്റുകളായിരുന്നു; ഇക്കുറി വർദ്ധന 119 ശതമാനം. ഈ വർഷം മേയ് മാസത്തേക്കാൾ 148 ശതമാനം വളർച്ചയും ജൂണിലുണ്ടായി. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം, സ്‌കോഡ ഒഴികെയുള്ള വാഹന നിർമ്മാതാക്കളെല്ലാം ജൂണിൽ കുറിച്ചത് വൻ നേട്ടമാണ്.

മുന്നിൽ മാരുതി

ഇന്ത്യൻ വാഹന വിപണിയിലെ അതികായരെന്ന പട്ടം കഴിഞ്ഞമാസവും മാരുതി സുസുക്കി നിലനിറുത്തി. 1.24 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം മാരുതി ഫാക്‌ടറികളിൽ നിന്ന് പുറത്തിറക്കിയത്. 2020 ജൂണിലെ 51,274 യൂണിറ്റുകളേക്കാൾ 142.38 ശതമാനമാണ് വർദ്ധന. ഇക്കുറി മേയ് മാസത്തേക്കാൾ വില്പന 278 ശതമാനവും ഉയർന്നു. മേയിൽ മാരുതിയുടെ മൊത്ത വില്പന 32,903 യൂണിറ്റുകളായിരുന്നു. ജൂണിലെ മൊത്ത വില്പനയിൽ 48.61 ശതമാനം വിപണി വിഹിതവും മാരുതി സുസുക്കി കീശയിലാക്കി.

2020 ജൂണിലെ 43.9 ശതമാനത്തിൽ നിന്നാണ് ഇക്കുറി മാരുതി വിപണി വിഹിതം ഉയർത്തിയത്. ഓൾട്ടോ, എസ്-പ്രസോ, വാഗൺആർ, സ്വിഫ്‌റ്റ്, ഡിയസർ, ബലേനോ, വിറ്റാര ബ്രെസ, എസ്-ക്രോസ്, എർട്ടിഗ, എക്‌സ്.എൽ-6, ജിപ്‌സി, ഇഗ്‌നിസ് എന്നിവയാണ് ജൂണിലും മാരുതിയുടെ മുന്നേറ്റത്തിന് സ്‌റ്റിയറിംഗ് തിരിച്ചത്.

കരുത്തോടെ ഹ്യുണ്ടായ്

2020 ജൂണിൽ 21,320 യൂണിറ്റുകളുടെ മാത്രം മൊത്ത വില്പന നടത്തിയ ഹ്യുണ്ടായ്, കഴിഞ്ഞമാസം മുന്നേറിയത് 40,496 യൂണിറ്റുകളിലേക്ക്. നേട്ടം 89.94 ശതമാനം. മേയ് മാസത്തേക്കാൾ 62 ശതമാനം വളർച്ചയും ജൂണിലുണ്ട്. 2020 ജൂണിലെ 18.2 ശതമാനത്തിൽ നിന്ന് ഹ്യുണ്ടായിയുടെ വിപണി വിഹിതം കഴിഞ്ഞമാസം 15.84 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമ്മാണ കമ്പനിയെന്ന പട്ടം കൈവിട്ടില്ല.

ക്രെറ്റ, ഐ20, നിയോസ്, വെന്യൂ എന്നിവയാണ് ഹ്യുണ്ടായിക്ക് കഴിഞ്ഞമാസം ഏറ്റവുമധികം വില്പനനേട്ടം സമ്മാനിച്ചത്. ജൂൺ 18ന് പുറത്തിറക്കിയ 7-സീറ്റർ എസ്.യു.വിയായ അൽകാസർ ആയിരത്തിലേറെ യൂണിറ്റുകളുടെ വില്പന നേടി. 4,000ലധികം ബുക്കിംഗ് അൽകാസറിന് ലഭിച്ചിട്ടുമുണ്ട്.

ഉഷാറോടെ ടാറ്റ

9.43 ശതമാനം വിപണി വിഹിതവുമായി ടാറ്റാ മോട്ടോഴ്‌സാണ് മൂന്നാംസ്ഥാനത്തുള്ളത്. 111.14 ശതമാനം വളർച്ചയോടെ 2020 ജൂണിലെ 11,419 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞമാസം ടാറ്റയുടെ വില്പന 24,110 യൂണിറ്റുകളിലെത്തി. 59 ശതമാനമാണ് മാസാധിഷ്‌ഠിത വളർച്ച. ഇലക്‌ട്രിക് കാറുകളിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ടാറ്റയുടെ നീക്കം. 2025നകം പത്ത് മോഡലുകൾ കമ്പനി പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മിന്നിത്തിളങ്ങി മഹീന്ദ്ര

കഴിഞ്ഞവർഷം ജൂണിലെ 8,075 യൂണിറ്റുകളിൽ നിന്ന് 16,913ലേക്ക് കഴിഞ്ഞമാസം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പന മെച്ചപ്പെട്ടു; നേട്ടം 109.45 ശതമാനം. മേയ് മാസത്തേക്കാൾ 111 ശതമാനം വില്പന വളർച്ചയുമുണ്ട്. എക്‌സ്.യു.വി 300, താർ എന്നിവയാണ് നേട്ടം സമ്മാനിച്ചത്. ഹ്യുണ്ടായ് അൽകാസർ, ടാറ്റാ സഫാരി, എം.ജി. ഹെക്‌ടർ പ്ളസ് എന്നിവയോട് പൊരുതാൻ മഹീന്ദ്രയുടെ പുത്തൻ എക്‌സ്.യു.വി 700 ഉടനെത്തും.

കിതയ്ക്കാതെ കിയ

15,015 വാഹനങ്ങൾ പുറത്തിറക്കി കിയ കഴിഞ്ഞമാസം അഞ്ചാംസ്ഥാനത്തെത്തി. 2020 ‌ജൂണിലെ 7,275 യൂണിറ്റുകളേക്കാൾ വളർച്ച 35 ശതമാനം. 36 ശതമാനമാണ് ഇക്കുറി മേയ് മാസത്തേക്കാൾ മെച്ചപ്പെട്ടത്. വിപണി വിഹിതം പക്ഷേ 6.2 ശതമാനത്തിൽ നിന്ന് 5.87 ശതമാനത്തിലേക്ക് താഴ്‌ന്നു.

ടൊയോട്ടയാണ് താരം

3,286 യൂണിറ്റുകളിൽ നിന്ന് ടൊയോട്ട കിർലോസ്‌കറിന്റെ വില്പന കഴിഞ്ഞമാസം 127.57 ശതമാനം മെച്ചപ്പെട്ട് 8,798 യൂണിറ്റുകളിലെത്തി. എന്നാൽ, പ്രതിമാസ വില്പന മേയിലെ 707ൽ നിന്നാണ് കുതിച്ചുകയറിയത്; വളർച്ച 1,144.41 ശതമാനം. കഴിഞ്ഞമാസം ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയതും ടൊയോട്ടയാണ്.

ഉണർവോടെ വിപണി

റെനോ (31.64 ശതമാനം), ഫോഡ് (87.04 ശതമാനം), ഹോണ്ട (240.99 ശതമാനം), എം.ജി. മോട്ടോഴ്‌സ് (76.84 ശതമാനം), നിസാൻ (508.16 ശതമാനം), ഫോക്‌സ്‌വാഗൻ (8.15 ശതമാനം), ജീപ്പ് (208.20 ശതമാനം) എന്നീ കമ്പനികളും കഴിഞ്ഞമാസം നേട്ടമുണ്ടാക്കി. സ്‌കോഡ മാത്രം നഷ്‌ടത്തിലായി (7.09 ശതമാനം). ഫ്രഞ്ച് ബ്രാൻഡ് സിട്രോൺ മേയ് മാസത്തേക്കാൾ രണ്ടു ശതമാനം വളർച്ച ജൂണിൽ നേടി.

508.16%

2020 ജൂണിനെ അപേക്ഷിച്ച് കഴിഞ്ഞമാസം ഏറ്റവും മികച്ച വില്പന വളർച്ച കുറിച്ചത് നിസാൻ ആണ്; 508.16 ശതമാനം.

7.09%

സ്‌കോഡ മാത്രമാണ് കഴിഞ്ഞമാസം നഷ്‌ടം കുറിച്ചത്; 7.09 ശതമാനം.

1144%

പ്രതിമാസ വില്പനയിൽ കഴിഞ്ഞമാസം ഏറ്റവും ഉയർന്ന നേട്ടം ടൊയോട്ടയ്ക്ക് സ്വന്തം; 1,144 ശതമാനം.