italy

ലണ്ടൻ : ഇഞ്ചോടിഞ്ച് ആവേശം കണ്ട കലാശപ്പോരാട്ടത്തിനൊടുവിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ളണ്ടിനെ 3-2ന് കീഴടക്കി ഇറ്റലി യൂറോ കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന യൂറോ കപ്പ് ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോഗോൾ വീതം നേടിയതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവുചെയ്ത ഇറ്റാലിയൻ ഗോളി ഡൊണറുമ്മെയാണ് സൂപ്പർ ഹീറോ ആയത്.

മത്സരം തുടങ്ങി രണ്ടുമിനിട്ട് പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഇറ്റാലിയൻ വലകുലുക്കി ലൂക്ക് ഷായാണ് ഇംഗ്ളണ്ടിന് ലീഡ് നൽകിയത്. ഇന്നലെ 26-ാം പിറന്നാൾ ആഘോഷിച്ച ലൂക്ക് ഷാ രാജ്യത്തിന് വേണ്ടി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ഒരു കോർണർ കിക്കിന്റെ കൗണ്ടർ അറ്റാക്കിൽ നിന്ന് ട്രിപ്പിയർ നൽകിയ ക്രോസ് ഇറ്റാലിയൻ ഗോളി ഡൊണറുമ്മയെ നിഷ്പ്രഭനാക്കി വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു ലൂക്ക് ഷാ.66-ാം മിനിട്ടിൽ ലിയനാർഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്കുവേണ്ടി തിരിച്ചടിച്ചത്. ഒരു കോർണർ കിക്ക് ഇംഗ്ളീഷ് ഗോളി പിക്ഫോർഡ് തട്ടിമാറ്റിയത് പിടിച്ചെടുത്തായിരുന്നു ബൊന്നൂച്ചിയുടെ സ്കോറിംഗ്.

1മിനിട്ട് 57 സെക്കൻഡ്

യൂറോ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളാണ് ഇന്നലെ ലൂക്ക് ഷാ സ്വന്തമാക്കിയത്.

ഇത് രണ്ടാം തവണയാണ് ഇറ്റലി യൂറോ കപ്പ് നേടുന്നത്. 1968ലായിരുന്നു ആദ്യ കിരീടം.