jawa

കൊച്ചി: പാകിസ്ഥാനെതിരെ 1971ൽ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ 50-ാം വാർഷികാഘോഷ വേളയിൽ വീരസൈനികർക്ക് ആദരവുമായി പുത്തൻ നിറങ്ങൾ അവതരിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കീഴിലുള്ള മോട്ടോർസൈക്കിൾ ബ്രാൻഡായ ജാവ. രാജസ്ഥാനിലെ അതിർത്തി പ്രദേശമായ ലോംഗെവാലയിൽ നടന്ന യുദ്ധത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള 'മിഡ്‌നൈറ്റ് ഗ്രേ", മാതൃരാജ്യത്തിനായി യൂണിഫോം അണിഞ്ഞ് പോരാടിയ ധീരന്മാരെ അനുസ്‌മരിച്ചുള്ള 'കാക്കി" നിറങ്ങളാണ് മോഡലുകൾക്ക് ജാവ നൽകിയത്.

ഇന്ത്യൻ ആർമിയുടെ മുദ്രയോട് കൂടിയാണ് സ്‌പെഷ്യൽ എഡിഷൻ മോഡലുകളായ ജാവ കാക്കിയും ജാവ മിഡ്‌നൈറ്റ് ഗ്രേയും വിപണിയിലെത്തുന്നത്. ആദ്യമായാണ് ഒരു ബൈക്കിന് ഇന്ത്യയിൽ ഇതിനുള്ള അനുമതി ലഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്. 1.93 ലക്ഷം രൂപയാണ് ഇവയ്ക്ക് ഡൽഹി എക്‌സ്‌ഷോറൂം വില. ഡീലർഷിപ്പുകളിൽ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ജാവയുടെ നിലവിലെ മോഡലായ ജാവ 42നെക്കാൾ 15,000 രൂപ അധികമാണ് സ്‌പെഷ്യൽ എഡിഷന് വില. സ്‌റ്റാൻഡേർഡ് ജാവയേക്കാൾ 6,000 രൂപയും കൂടുതലാണ്.

മേൽപ്പറഞ്ഞ പുതുമകൾ ഒഴിച്ചാൽ, ജാവ സ്‌പെഷ്യൽ എഡിഷന് മറ്റ് മാറ്റങ്ങളില്ല. രൂപകല്‌പനയും സാങ്കേതികവിഭാഗവും നിലനിറുത്തിയിരിക്കുന്നു. 27 ബി.എച്ച്.പി കരുത്തുള്ളതാണ് 293 സി.സി, സിംഗിൾ സിലിണ്ടർ എൻജിൻ. പരമാവധി ടോർക്ക് 27 എൻ.എം. 6-സ്‌പീഡ് ഗിയർ ബോക്‌സും നൽകിയിരിക്കുന്നു.