ബാലരാമപുരം: മറ്റു സംസ്ഥാനങ്ങളിൽ കൊവിഡ് മരണക്കണക്ക് സത്യസന്ധമായി പുറത്തുവിട്ടപ്പോൾ കേരളത്തിൽ അത് മറച്ചുവച്ചതാണ് കൊവിഡ് രോഗം കുറയാതിരിക്കുന്നതിന് കാരണമെന്ന് സി.എം.പി ബാലരാമപുരം ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു.
കൊവിഡ് കാരണം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ധർണ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. വാക്സിൻ എല്ലാവർക്കും നൽകാൻ പോലും കഴിയാത്ത മോദി സർക്കാർ രാജിവയ്ക്കണമെന്ന് വിൻസെന്റ് എം.എൽ.എ പറഞ്ഞു. സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ. മനോജ്, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബാലരാമപുരം എം.എ. കരീം, അഡ്വ. ശശിധരൻ നായർ, സി.എം.പി നേതാവ് എം. നിസ്താർ, നരുവാമൂട് ധർമ്മൻ, ജെ. ഹയറുന്നിസ, എൻ.എസ്. ആമിന എന്നിവർ സംസാരിച്ചു.