audi

കൊച്ചി: ആഡംബര എസ്.യു.വി വിപണിക്ക് കൊഴുപ്പേകാൻ ഔഡിയുടെ മൂന്ന് പുതിയ ഇലക്‌ട്രിക് താരങ്ങളെത്തി. ഇ-ട്രോൺ ബാഡ്‌ജ് അണിഞ്ഞാണ് ഔഡിയുടെ ഇന്ത്യയിലെ ആദ്യ ഇ-താരങ്ങൾ നിരത്തിലെത്തുന്നത്. ഔഡി ഇ-ട്രോൺ 50, ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്ബാക്ക് എന്നിവയാണ് പുതുതാരങ്ങൾ.

മുന്നിലും പിന്നിലുമായി ഡ്യുവൽ ഇലക്‌ട്രിക് മോട്ടോറുകളാണ് ഇവയ്ക്കുള്ളത്. ഇ-ട്രോൺ 55നും സ്‌പോർട്ബാക്കിനും 300 കെ.ഡബ്ള്യു കരുത്തുള്ള മോട്ടോറാണുള്ളത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.7 സെക്കൻഡ് ധാരാളം. ഇ-ട്രോൺ 50ന് കരുത്ത് 230 കിലോവാട്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ കൈവരിക്കാൻ വേണ്ടത് 6.8 സെക്കൻഡ്. 95 കിലോവാട്ട് അവർ ലിഥിയം ബാറ്ററിയാണ് ഇ-ട്രോൺ 55, സ്‌പോർട്ബാക്ക് എന്നിവയ്ക്കുള്ളത്. ഒറ്റ ചാർജിംഗിൽ 359-484 കിലോമീറ്റർ റേഞ്ച് ലഭിക്കും. 71 കിലോവാട്ട് അവർ ശേഷിയുള്ള ഇ-ട്രോൺ 50ന്റെ റേഞ്ച് 264-379 കിലോമീറ്റർ.

മെഴ്‌സിഡെസ്-ബെൻസ് ഉടൻ വിപണിയിലിറക്കുന്ന ഇ.ക്യു.സി ആയിരിക്കും ഇ-ട്രോൺ ശ്രേണിയുടെ മുഖ്യ എതിരാളി. ടെസ്‌ലയും വൈകാതെ എത്തിയേക്കുമെന്നതിനാൽ ഈ വിഭാഗത്തിൽ മത്സരം മുറുകുമെന്ന് ഉറപ്പ്. ക്വാട്രോ പെർമനന്റ് ഓൾ-വീൽ ഡ്രൈവ്, പ്രോഗ്രസീവ് സ്‌റ്റിയറിംഗ്, അഡാപ്‌റ്റീവ് എയർ സസ്‌പെൻഷൻ, 4-സോൺ ക്ളൈമറ്റ് കൺട്രോൾ, ആകർഷകമായ സൺറൂഫ്, ആനിമേറ്റഡ് പ്രൊജക്‌റ്ററോട് കൂടിയ ഡിജിറ്റൽ മെട്രിക്‌സ് ഹെഡ്‌ലാമ്പ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകാളാൽ സമ്പന്നവും മനോഹരവുമാണ് ഇ-ട്രോൺ പതിപ്പുകൾ.

₹99.99 ലക്ഷം

 ഔഡി ഇ-ട്രോൺ 50ന് എക്‌സ്ഷോറൂം വില.

 ഇ-ട്രോൺ 55ന് ₹1.16 കോടി

 ഇ-ട്രോൺ സ്‌പോർട്ബാക്ക് 55ന് ₹1.18 കോടി