കൊച്ചി: ഒട്ടേറെ ആകർഷക ഫീച്ചറുകളുമായി ഹീറോയുടെ പുത്തൻ ഗ്ളാമർ എക്‌സ്‌ടെക് വിപണിയിലെത്തി. ഡ്രം പതിപ്പിന് 78,900 രൂപയും ഡിസ്‌ക് വേരിയന്റിന് 83,500 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ശ്രേണിയിൽ ആദ്യത്തേത് എന്ന പെരുമയുമായി നിരവധി പുത്തൻ ഫീച്ചറുകളുമായാണ് 125 സി.സി ബൈക്കായ ഗ്ളാമറിന്റെ എക്‌സ്‌ടെക് പതിപ്പ് എത്തുന്നത്. സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്‌റ്ററാണ് പ്രധാന മാറ്റം. ബ്ളൂടൂത്ത് കണക്‌ടിവിറ്റിയും സ്മാർട്ഫോണിലെ ഫോൺകോൾ, എസ്.എം.എസ് വിവരങ്ങളും ഗൂഗിൾ മാപ്പിന്റെ പിന്തുണയുള്ള ടേൺ-ബൈ-ടേൺ നാവിഗേഷനും ഇതിലുണ്ടെന്നത് ശ്രദ്ധേയമാണ്.
സ്‌റ്റാൻഡേർഡ് ഗ്ളാമറിലെ ഹാലൊജൻ ലൈറ്റിനേക്കാൾ 34 ശതമാനം പ്രകാശശക്തിയുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ബൈക്ക് മറിയുന്ന സാഹചര്യങ്ങളിൽ എൻജിൻ ഓട്ടോമാറ്റിക്കായി ഓഫ് ആക്കുന്ന റോൾ - ഓവർ സെൻസർ, സൈഡ് സ്‌റ്റാൻഡ് എൻജിൻ കട്ട് ഓഫ് ഫംഗ്ഷൻ, മൈലേജ് ഇൻഡിക്കേറ്റർ, ഇന്റഗ്രേറ്റഡ് യു.എസ്.ബി ചാർജർ, ഇന്ധനക്ഷമത കൂട്ടുന്ന ഹീറോയുടെ സ്വന്തം ഐ3എസ് എൻജിൻ സ്‌റ്റാർട്ട് - സ്‌റ്റോപ്പ് സംവിധാനം എന്നിങ്ങനെയും മികവുകൾ ഒട്ടേറെ. ഗ്ളാമറിലെ 124.7 സി.സി., സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിനാണ് എക്‌സ്‌ടെക്കിലുമുള്ളത്. 10.87 ബി.എച്ച്.പിയാണ് കരുത്ത്; ടോർക്ക് 10.6 എൻ.എം.