maestro

കൊച്ചി: ബ്ളൂടൂത്ത് കണക്‌ടിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉൾപ്പെടെ പുത്തൻ 'കണക്‌ടഡ്" ഫീച്ചറുകളുമായി പുതിയ മാസ്‌ട്രോ എഡ്‌ജ് 125 സ്‌കൂട്ടർ ഹീറോ വിപണിയിലിറക്കി. പ്രൊജക്‌റ്റഡ് ഹെഡ്‌ലാമ്പ്, ഡിജിറ്റൽ സ്‌പീഡോമീറ്റർ, ഫോണിലെ ഇൻകമിംഗ്, മിസ്ഡ് കോൾ അലർട്ട്, റിയൽടൈം മൈലേജ് ഇൻഡിക്കേറ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. പേര് സൂചിപ്പിക്കും പോലെ, 'എഡ്‌ജി" രൂപകല്‌പനയാണ് സ്‌കൂട്ടറിനുള്ളത്; അത് മനോഹരവുമാണ്.

ഡിസ്‌ക്, ഡ്രം, കണക്‌ടഡ് എന്നീ വേരിയന്റുകളിൽ പുത്തൻ മാസ്‌ട്രോ ലഭിക്കും. 72,250 രൂപയാണ് ഡ്രം പതിപ്പിന് വില. ഡിസ്‌കിന് 76,500 രൂപ. കണക്‌ടഡിന് 79,750 രൂപ (‌ഡൽഹി എക്‌സ്‌ഷോറൂം). ബി.എസ്-6 ചട്ടം പാലിക്കുന്ന 124.6 സി.സി., ഫ്യുവൽ ഇൻജെക്‌ഷൻ എൻജിനാണ് ഹൃദയം. എക്‌സ്‌സെൻസ് ടെക്‌നോളജിയോട് കൂടിയ എൻജിന്റെ കരുത്ത് ഒമ്പത് ബി.എച്ച്.പി. ടോർക്ക് 10.4 എൻ.എം.

കാൻ‌ഡി ബ്ളേസിംഗ് റെഡ്, പാന്തർ ബ്ളാക്ക്, പേൾ സിൽവർ വൈറ്റ്, മാറ്റ് ടെക‌്‌നോ ബ്ലൂ, പ്രിസ്‌മാറ്റിക് യെല്ലോ, പ്രിസ്‌മാറ്റിക് പർപ്പിൾ നിറഭേദങ്ങളിൽ മാസ്‌ട്രോ എഡ്‌ജ് 125 ലഭ്യമാണ്.