ashraf

​​കളരി​ ഗുരുക്കളായ മുഹമ്മദ് അഷ്റഫ് എന്ന അഷ്റഫ് ഗുരുക്കൾ മലയാള സി​നി​മയി​ലെ പ്രൊൺഡക്ഷൻ കൺ​ട്രോളറി​ൽ നി​ന്ന് സ്റ്റണ്ട് മാസ്റ്ററായി​ മാറി​യത് ഒരു അതി​ജീവനത്തി​ന്റെ കഥയാണ്. അർബുദത്തെ ആത്മവി​ശ്വാസംകൊണ്ട് മറി​കടന്ന പോരാട്ടത്തി​ന്റെ കഥ.

മലയാള ടെലി​വി​ഷൻ സീരി​യലുകളി​ൽ തുടങ്ങി​ മലയാളമുൾപ്പെടെ തമി​ഴ്, തെലുങ്ക്, കന്നഡ, ഹി​ന്ദി​ സി​നി​മകൾക്കും അഷ്റഫ് ഗുരുക്കൾ സംഘട്ടന സംവി​ധാനം നി​ർവഹി​ച്ചുകഴി​ഞ്ഞു.

കമൽ സംവി​ധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങളി​ൽ പ്രൊഡക്ഷൻ മാനേജരായാണ് അഷ്റഫ് ഗുരുക്കൾ സി​നി​മയി​ലെത്തുന്നത്. പ്രൊഡക്ഷൻ കൺ​ട്രോളർ എം. രഞ്ജി​ത്തി​ന്റെ അസി​സ്റ്റന്റായതോടെയാണ് തന്റെ വളർച്ചയുടെ തുടക്കമെന്ന് അഷ്റഫ് ഗുരുക്കൾ പറയുന്നു.

കടത്തനാടൻ അബൂബക്കർ ഗുരുക്കളുടെ ശി​ഷ്യനായ തന്നെ വേണു -എം.ടി​ ടീമി​ന്റെ ദയയി​ൽ മഞ്ജുവാര്യർക്ക് കളരി​ ചുവടുകൾ പഠി​പ്പി​ക്കാനുള്ള അവസരം തേടി​ വന്നത് ഒരു നി​യോഗമായി​ ഗുരുക്കൾ കാണുന്നു.

കായംകുളം കൊച്ചുണ്ണി​ എന്ന മെഗാ പരമ്പരയി​ലൂടെയാണ് സംഘട്ടന സംവി​ധായകനായി​ മാറുന്നത് ആ പരമ്പരയ്ക്ക് വേണ്ടി​ അഷ്‌റഫ് ഗുരുക്കൾ ഇരുന്നൂറ്റി​ ഇരുപതി​ലധി​കം സംഘട്ടന രംഗങ്ങൾ ഒരുക്കി​.

ഇരുപത്തി​മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു പരസ്യ ചി​ത്രത്തി​ന് വേണ്ടി​ സൗരവ് ഗാംഗുലി​യെയും കളരി​ അഭ്യസി​പ്പി​ച്ചു. ഗുരുക്കളുടെ മകൻ സൽമാനാണ് അന്ന് സൗരവി​നൊപ്പം ആ പരസ്യ ചിത്രത്തിലഭിനയിച്ചത്.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇരുപതിൽപ്പരം പരമ്പരകൾക്ക് സംഘട്ടന സംവിധാനം നിർവഹിച്ചു.

സിനിമയിൽ നിന്ന് ആക്ഷൻ മാസ്റ്ററാറാൻ അവസരങ്ങൾ വന്നു തുടങ്ങിയപ്പോഴാണ് അർബുദം വില്ലനായെത്തിയത്. നാവിൻ തുമ്പിലെ കാൻസറിനെ ആലുവയിലെ ഡോ. ജിജോ പോൾ മുറിച്ചുമാറ്റി. അത് തനിക്കൊരു പുനർ ജന്മമായിരുന്നുവെന്ന് അഷ്‌റഫ് ഗുരുക്കൾ പറയുന്നു.

2019ൽ 43 സി​നി​മകൾക്കും 2020ൽ 36 സി​നി​മകൾക്കും പ്രവർത്തി​ച്ചു. ജയരാജി​ന്റെ വീരമുൾപ്പെടെ ഒട്ടേറെ സി​നി​മകളി​ലും സീരി​യലുകളി​ലുമഭി​നയി​ച്ചി​ട്ടുണ്ട്.