മരിയാപുരം: മരിയാപുരം ഗ്രാമപഞ്ചായത്തിലെ പെരിയാർ തീരങ്ങള ഹരിതമാക്കി സംരക്ഷിക്കുന്നതിനുള്ള പഞ്ചായത്തിന്റെ 'ഹരിതപുരം' പദ്ധതി പരോഗമിക്കുന്നു. പഞ്ചായത്തിലുൾപ്പെട്ട പെരിയാറിന്റെ തീരങ്ങൾ മുളകൾ നട്ട് സുന്ദരമാക്കുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന ബാംബു മിഷനും തൊഴിലുറപ്പ് പദ്ധതിയും ഹരിതകേരളവും സംയുക്തമായി സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ തുടർ പ്രവർത്തനമെന്ന നിലയിൽ ഈ പ്രദേശത്തിന് അനയോജ്യമായ മുളംതൈകൾ ഏതെന്ന് വിലയിരുത്തുന്നതിന് കേരള ഫോറസ്‌റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള വിദഗ്ദ്ധ ടീം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. പഞ്ചായത്തിന്റെ പദ്ധതി സാദ്ധ്യതകളെ പറ്റി പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ് , സെക്രട്ടറി വിനുകുമാർ, വാർഡ് മെമ്പർ അഡ്വ. ഫെനിൽ എന്നിവരുമായി ചർച്ച നടത്തി.
പെരിയാറിന്റെ തീരത്തെ 1.50 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. വൈവിധ്യമാർന്ന ഗാർഡൻ ടൈപ്പ് അലങ്കാര മുളകളായിരിക്കും ഇവിടെ അനയോജ്യമാവുകയെന്ന് കെഎഫ്ആർഐ ടീം പറഞ്ഞു.ഇത്തരത്തിലുള്ള 450 മുളംതൈകളാണ് ആദ്യഘട്ടമെന്ന നിലയിൽ ഇവിടെ നട്ടുപിടിപ്പിക്കുക.ഇവ ഈയാഴ്ച തന്നെ മരിയാപുരത്തെത്തിക്കുന്നതിനും നടപടിയായി.പദ്ധതിയുടെ ഭാഗമായ കയർ ഭൂവസ്ത്ര വിതാനം, ഫല വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ, ഗാർഡനിങ് എന്നിവയുടെ എസ്റ്റിമേറ്റ് ജോലികൾ പരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ വൈശാഖ് മോഹൻ പറഞ്ഞു .