തൊടുപുഴ : തെരുവോരങ്ങളിൽ കച്ചവടം നടത്തുന്നവരുടെ പൂർണ്ണമായ വിവരം നഗരസഭ ശേഖരിക്കും. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് തൊടുപുഴ നഗരസഭയിൽ തെരുവ് കച്ചവടക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് സർവേ നടത്തുന്നത്. നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സർവ്വേ നടത്തുക. നഗരസഭയിൽ ഇന്ന് ചേർന്ന ടൗൺ വെൻഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. 2017 ൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ നഗരസഭയിലെ 289 തെരുവ് കച്ചവടക്കാർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡുകൾ കൊടുത്തിരുന്നു. ഇതിൽ ഉൾപ്പെട്ട പലരും കച്ചവടം നിറുത്തുകയും പുതിയ കച്ചവടക്കാർ വരികയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് നിലവിലെ തൊഴിൽ നഷ്പ്പെട്ട ഒട്ടേറെപ്പേർ ഉപജകവനമാർഗം കണ്ടെത്തുന്നതിനായി തെരുവ് കച്ചവടത്തിലേക്ക് വന്നിട്ടുണ്ട്. . ഈ സാഹചര്യങ്ങൾ പരിഗണിച്ചു സംസ്ഥാന സർക്കാരാണ് പുതിയ സർവേ നടത്തുന്നതിന് നഗരസഭകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഇന്നും തിങ്കളാഴ്ച്ചയും നഗരസഭയിലെ ഉദ്യോഗസ്ഥർ ഓരോ വാർഡിലും ഫീൽഡ് വിസിറ്റ് നടത്തി നിലവിൽ കച്ചവടം നടത്തുന്നവരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കും. നിലവിൽ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ളവർ ഈ കാർഡ് കൈവശം കരുത്തേണ്ടതും ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ കാണിക്കേണ്ടതുമാണ്. കാർഡ് ലഭിച്ചിട്ടില്ലാത്ത, പുതിയതായി സർവേ നടത്തേണ്ടവരുടെ വിവരങ്ങൾ സർവേ ഫോമിൽ രേഖപ്പെടുത്തുന്നതിനായി ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് , വോട്ടർ ഐഡി കാർഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കച്ചവടക്കാർ കൈവശം കരുതണം.
നിയമം പാലിക്കുന്നവർക്ക്
സഹായം നൽകും
നിയമങ്ങൾ പാലിച്ചു കച്ചവടം നടത്തുന്ന കച്ചവടക്കാർക്ക് നഗരസഭ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യുമെന്നും നിയമം ലംഘിച്ചും അനുമതിയില്ലാത്ത സ്ഥലത്തും ഗതാഗത തടസമുണ്ടാക്കിയും കച്ചവടം ചെയ്യുന്നവരുടെ തിരിച്ചറിയൽ കാർഡുകൾ റദ്ദ് ചെയ്യുമെന്നും മേലിൽ നഗരസഭാ പരിധിയിൽ കച്ചവടം ചെയ്യുന്നതിൽ നിന്ന് അവരെ ഒഴിവാക്കുമെന്നും നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി , നഗരസഭാ സെക്രട്ടറി , സൂപ്രണ്ട് എൻ. എ . ജയകുമാർ, സിറ്റി മിഷൻ മാനേജർ ജോണി ജോസഫ് , സംഘടനാ പ്രതിനിധികളായ ജാഫർഖാൻ മുഹമ്മദ്, ടി.ആർ . സോമൻ, എ.എസ്. ജയൻ, എൻ . ഐ . ബെന്നി, അൻസിൽ കെ.ഇ. ഹെൽത്ത് ഇസ്‌പെക്ടർ സന്തോഷ് ആചാരി, എം.റ്റി.പി. ശ്രീജ ശശിധരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.