roshy
ശുദ്ധജലം ലഭിക്കുന്നില്ലെന്ന വീട്ടമ്മയുടെ പരാതിയിൻമേൽ അറക്കുളം പമ്പ്ഹൗസിൽ മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ടെത്തി പരിശോധന നടത്തുന്നു.

അറക്കുളം : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പര്യടനത്തിന്റെ മൂന്നാംദിവസം അറക്കുളത്ത് വീട്ടിൽ ലഭിക്കുന്നത് കലക്കവെള്ളമാണെന്ന വീട്ടമ്മയുടെ പരാതിയിൻമേൽ പമ്പ്ഹൗസിൽ നേരിട്ടെത്തി പ്രശ്‌നം പരിഹരിച്ചു. മോട്ടോറിന്റെയും പൈപ്പുകളുടേയും കാലപ്പഴക്കം മൂലം വെള്ളത്തിൽ മാലിന്യം കലങ്ങുന്ന വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ജലം ശേഖരിക്കുന്ന പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ച് ശുദ്ധജലം നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നിയോജക മണ്ഡലത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന നന്ദിപര്യടനപരിപാടിയിൽ ആയിരത്തിലധികം പരാതികളാണ് മന്ത്രിക്ക് ലഭിച്ചത്. കുടിവെള്ള ക്ഷാമവും ഭൂപ്രശ്‌നങ്ങളും റോഡുകളും പാലങ്ങളും ചികിത്സാ സഹായവുമുൾപ്പെടെയുള്ള അപേക്ഷകളിൽ വിവിധ വകുപ്പ് തലങ്ങളിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി നിവേദകർക്ക് ഉറപ്പ് നൽകി.