മുട്ടം: ഒരു പ്രതീക്ഷയും ഇല്ലാതെയാണ് പ്രകാശ് മുട്ടം സ്റ്റേഷനിൽ എത്തി പൊലീസുകാരോട് "മരുന്ന് മേടിക്കാൻ സഹായം ചെയ്യാമോ ? " എന്ന് ചോദിച്ചത്. എന്നാൽ രണ്ടാഴ്ച്ചത്തേക്കുള്ള മരുന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് അടിയന്തരമായി കൊറിയൽ സർവീസിലൂടെ എത്തിച്ച് പൊലീസുകാർ പ്രകാശിന്റെ വീട്ടിൽ എത്തിച്ച് നൽകി. മലങ്കര പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന ഉടുക്കാംപാളയം പ്രകാശ് മണിയാണ് ജീവൻ പിടിച്ച് നിർത്താൻ വേണ്ടിയുള്ള മരുന്നിന് വേണ്ടി സഹായം ചോദിച്ച് കഴിഞ്ഞ ദിവസം മുട്ടം സ്റ്റേഷനിൽ എത്തിയത്.മൂന്ന് വയസ് പ്രായമുള്ളപ്പോൾ പ്രകാശിന് മൂത്രത്തിൽ കല്ല് പിടിപെട്ടിരുന്നു.ഇതേ തുടർന്ന് കോട്ടയത്ത്‌ ചികിത്സ നടത്തിയെങ്കിലും പൂർണ്ണമായും മാറിയില്ല.പിന്നീട് ഇടക്കിടക്ക് വയർ വേദന അനുഭവപ്പെട്ടിരുന്നു. തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ വർഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും കിഡ്‌നിക്ക് പ്രശ്നമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.വയർ വേദനക്കുള്ള ചികിത്സ മാത്രമാണ് നൽകിയിരുന്നത്. ആഴ്ച്ചയിൽ മൂന്ന് ദിവസങ്ങളിലായി വയർ വേദന തുടർന്നും അനുഭവപ്പെട്ടു.പിന്നീട് ഭാര്യയുടെ ഇ എസ് ഐ ചികിത്സ അനുകൂല്യവും സുമനസുകളുടെ സഹായത്താലും 5 ലക്ഷം രൂപ മുടക്കി 2019 മാർച്ചിൽ ആസ്റ്റർ മെഡി സിറ്റിയിൽ പ്രകാശിന്റെ കിഡ്നി മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തി.50 വയസുള്ള അമ്മയാണ് മകന്റെ ജീവന് വേണ്ടി ഒരു കിഡ്നി നൽകിയത്. ശാസ്ത്രക്രിയ നടത്തിയെങ്കിലും എല്ലാ ദിവസവും രാവിലേയും വൈകിട്ടും കഴിക്കുന്ന മരുന്നിലാണ് പ്രകാശ് ജീവിച്ച് വരുന്നത്.ആഴ്ച്ചയിൽ 2600 രൂപയോളം മരുന്നിന് ചിലവ് വരും.കൊവിഡ് നിയന്ത്രണങ്ങളിലും ലോക്ക് ഡൗണിലും നട്ടം തിരിയുന്നതിനിടയിൽ അച്ഛനും അമ്മയും ഭാര്യയും ഉൾപ്പെടുന്ന കുടുംബം പ്രകാശിന്റെ ജീവൻ പിടിച്ച് നിർത്താനുള്ള മരുന്ന് വാങ്ങാൻ ഗത്യന്തരമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു.ഇത് നേരിൽ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് മുട്ടം സ്റ്റേഷനിലെ പൊലീസുകാർ വീതമായി നൽകിയ 7500 രൂപക്കുള്ള മരുന്ന് ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് കൊറിയർ സർവീസിലൂടെ അടിയന്തിരമായി പ്രകാശിന്റെ വീട്ടിൽ എത്തിച്ച് നൽകിയത്.