നെടുങ്കണ്ടം : ഗൃഹനാഥൻ വീടിനടുത്തെ മരത്തിൽ തൂങ്ങിമരിച്ചത് സ്വകാര്യ ധനസ്ഥാപനത്തിൽനിന്ന് വായ്പ്പയെടുത്തത് തിരിച്ചടയ്ക്കാൻ വൈകുന്നതിന് സ്ഥാപനത്തിൽനിന്നുള്ള ഭീഷണിയെത്തുടർന്നെന്ന് പരാതി. പാമ്പാടുംപാറ പത്തിനിപ്പാറയിൽ വീട്ടിൽ എം. ആർ. സന്തോഷിന്റെ (45) ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. ഗൃഹനാഥൻ ജീവനൊടുക്കിയ ശേഷവും പണപ്പിരിവ് നടത്താനെത്തിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നാട്ടുകാർ വിരട്ടിയോടിച്ചു.
സന്തോഷിന്റെ ഭാര്യ ഗീതമ്മയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പരാതി ഉയർത്തിയത്. കാർ വാങ്ങാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നും സന്തോഷ് വായ്പയെടുത്തിരുന്നു. 3 മാസമായി തിരിച്ചടവ് കുടിശികയായി. ഇതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ നിരന്തരമായി വായ്പ തുകയും പലിശയും തിരിച്ചടക്കാൻ ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പാമ്പാടുംപാറ ടൗണിനു സമീപം സന്തോഷ് ചെറിയ ഒരു തുണിക്കട നടത്തിയിരുന്നു. ലോക്ക് ഡൗണിൽ കട അടഞ്ഞ് കിടന്നതും വാഹനത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനു ഒരു കാരണമായി. തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനക്കാർ വീട്ടിലെത്തി ശല്യം തുടങ്ങി. കുടിശിക തിരിച്ചടക്കാൻ 15 ദിവസം സാവകാശം നൽകണമെന്ന് ഗീതമ്മ വീട്ടിലെത്തിയ ധനകാര്യ സ്ഥാപന ജീവനക്കാരോട് അഭളർത്ഥിച്ചെങ്കിലും അവർ വിസമ്മതിച്ചു. 2014ൽ ഇടിവെട്ടലിനെ തുടർന്ന് സന്തോഷിന്റെ പുരയിടവും വീടും നശിച്ചിരുന്നു. ഇതിനു പിന്നാലെ സന്തോഷിന്റെ അമ്മക്ക് കാൻസർ രോഗബാധയെ തുടർന്നു വൻ തുക ചികിത്സക്കായി ചിലവായി. ടാക്സി ഓട്ടത്തിനാണ് സന്തോഷ് വായ്പയെടുത്ത് കാർ വാങ്ങിയത്. ലോക്ക് ഡൗൺ കാലത്ത് കാറിനു ഓട്ടമൊന്നും ഇല്ലാതായി. ഇതോടെ പൂർണമായും വരുമാനം നിലച്ചു. സന്തോഷ് മരിച്ചതിനു ശേഷം ബുധനാഴ്ച വൈകിട്ടും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് എത്തി. നാട്ടുകാർ രോഷാകുലരായതോടെ ജീവനക്കാർ സ്ഥലം വിട്ടു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നുമെടുത്ത വായ്പക്കു പുറമെ മറ്റ് ചില ധനകാര്യ സ്ഥാപനങ്ങളിലും സന്തോഷിനു ലോണുണ്ടായിരുന്നു. ബാധ്യതകൾ പെരുകി ഗത്യന്തരമില്ലാതായതോടെയാണ് സന്തോഷ് ജീവനൊടുക്കിയതെന്നും ഗീതമ്മ പറഞ്ഞു. സന്തോഷിന്റെ മരണത്തിൽ നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.