കൊച്ചി: മികച്ച ഏലം കർഷകർക്കുള്ള സ്പൈസസ് ബോർഡ് അവാർഡുകൾ പ്രഖ്യാപിച്ചു. 2019- 20ലെ മികച്ച ഏലം കർഷകൻ ഇടുക്കി ചക്കുപള്ളം സ്വദേശി ഇടമറ്റത്തുകാട്ടിൽ മനോജ്കുമാറും 2020-21 ലെ മികച്ച കർഷകൻ ഇടുക്കി അണക്കര ചിത്രാ പ്ലാന്റേഷൻസ് ഉടമ കെ.പി.എ കൃഷ്ണൻകുട്ടി നായരുമാണ്. 2020-21 വർഷത്തെ മികച്ച ജൈവ ഏലം കർഷക തമിഴ്നാട് കൊള്ളിഹിൽസ് ഇനിയ ഓർഗാനിക് എസ്റ്റേറ്റ് ഉടമ ഡോ. സുസിത്ര ഇളങ്കോയാണ്.
2019-20 വർഷത്തെ രണ്ടാം സ്ഥാനക്കാരനായത് ഇടുക്കി അണക്കര പതായിൽ വീട്ടിൽ റ്റിജു ജോസഫും 2020-21 ലെ രണ്ടാം സ്ഥാനക്കാരൻ ഇടുക്കി ചക്കുപള്ളം മൗണ്ട് വാലി എസ്‌റ്റേറ്റ് ഉടമ സുജ ജോണിയുമാണ്. മികച്ച ഏലം കർഷകയ്ക്കുള്ള 2020-21 ലെ പുരസ്ക്കാരത്തിന് ഇടുക്കി അടിമാലി സ്വദേശിനി ചെങ്ങാംതടത്തിൽ പോളി മാത്യു അർഹയായി.
മഹാമാരിയിലും മികച്ചനേട്ടം
കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയിലും ഏലം കൃഷി ഉത്പ്പാദനത്തിലും കയറ്റുമതിയിലും മികച്ച നേട്ടം കൈവരിച്ചു. ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിലാണ് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നത്. ഒരു ലക്ഷം രൂപയും സാക്ഷ്യപത്രവുമാണ് ഒന്നാംസമ്മാനം. രണ്ടാം സമ്മാനത്തിന് അമ്പതിനായിരം രൂപയും സാക്ഷ്യപത്രവും നൽകും.