ഇടുക്കി: കൊവിഡും ലോക്ക് ഡൗണും തീർത്ത സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്ത് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാരണമാണ് ബുധനാഴ്ച നെടുങ്കണ്ടത്ത് ഹൃഹനാഥൻ ജീവനൊടുക്കിയ സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നിരന്തരമായ ഭീഷണിയെ തുടർന്നാണ് പാമ്പാടുംപാറ പത്തിനിപ്പാറയിൽ മാവോലിൽ സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം പരാതി പറയുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രണ്ടാം ലോക്ക് ഡൗൺ കൂടിയെത്തിയതോടെ ജോലിയും വരുമാനവും നഷ്ടമായി ജീവിതം വഴിമുട്ടിയവർക്കിടയിലേക്ക് സഹായഹസ്തവുമായെത്തുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വട്ടിപ്പലിശക്കാരും അധികം താമസിയാതെ തന്നെ അവരുടെ അന്തകരമായി മാറുകയാണ്. വായ്പയെടുത്തവരുടെ വീടുകളിൽ നേരിട്ടെത്തി സ്ഥാപന പ്രതിനിധികളെന്ന പേരിൽ ഭീഷണി മുഴക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. കളക്ഷൻ ഏജന്റുമാരായെത്തുന്ന ഇവർ ഭീഷണിയുടെ സ്വരം പുറത്തെടുക്കുമ്പോൾ ഭയന്ന് പണം കണ്ടെത്തി അടയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നയം ഇവർ സ്വീകരിക്കുന്നത്. മിക്ക പണമിടപാട് സ്ഥാപനങ്ങളിലും എല്ലാ മാസവും ആദ്യ ആഴ്ചയാണ് തവണകൾ അടയ്‌ക്കേണ്ടത്. എന്നാൽ തൊട്ടടുത്ത മാസത്തെ തവണ കൃത്യമായി അടയ്ക്കുന്നതിന് 20 മുതൽ ഉപഭോക്താക്കളുടെ മേൽ സമ്മർദ്ദം ആരംഭിക്കും. 25 മുതൽ പ്രതിനിധികൾ നേരിട്ട് വീട്ടിലെത്തുകയും കളക്ഷൻ എടുക്കുകയുമാണ് പതിവ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കളക്ഷനിൽ കുറവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഭീഷണി സ്വരവും കടുംപിടുത്തവും. സ്ത്രീകൾക്ക് മാത്രം വായ്പ നൽകുന്ന സ്ഥാപനങ്ങളും വ്യക്തികളും പ്രവർത്തിക്കുന്നുണ്ട്. പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകുന്ന വ്യായ്പകളുടെ തിരിച്ചടവ് മുടക്കം കൂടാതെ അടയ്ക്കാൻ സ്ത്രീകൾ മുൻപന്തിയിലാണെന്നാണ് ഇവർ പറയുന്നത്. പരസ്പര ജാമ്യമായതിനാൽ മുടങ്ങുന്നവരുടെ ഉത്തരവാദിത്വവും ഇവർക്ക് തന്നെയായിരിക്കും.
ലോക്ക് ഡൗണിന്റെയും ബ്ലേഡിന്റെയും ഇര
ബുധനാഴ്ച മരിച്ച സന്തോഷ് ഒരേസമയം ലോക്ക് ഡൗണിന്റെയും ബ്ലേഡിന്റെയും ഇരയാണ്. 2014ൽ ഇടിവെട്ടി സന്തോഷിന്റെ വീട് നശിച്ചിരുന്നു. ഒപ്പം അമ്മയ്ക്ക് കാൻസർ ബാധിച്ചതിനെ തുടർന്നു വൻതുക ചികിത്സയ്ക്കായും ചിലവായി. തുടർന്ന് ടാക്സി ഓടിക്കാനായി സന്തോഷ് ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് കാർ വാങ്ങുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കാറിന് കാര്യമായ ഓട്ടമൊന്നും കിട്ടിയില്ല. തുടർന്ന് തിരിച്ചടവ് കുടിശിഖയായി. ഇതോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ നിരന്തരമായി പണത്തിനായി ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി. പാമ്പാടുംപാറ ടൗണിനു സമീപം ചെറിയ ഒരു തുണിക്കടയും സന്തോഷ് നടത്തിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കട അടഞ്ഞ് കിടന്നതും വാഹനത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനു ഒരു കാരണമായി. കൃഷിയിടത്തിൽ വിളവെടുപ്പ് നടന്നെങ്കിലും ഉത്പന്നം വിറ്റഴിക്കാനും കഴിഞ്ഞില്ല. സന്തോഷ് കടുത്ത മാനസിക ബുദ്ധിമുട്ടിലാണെന്നും കുടിശിക തിരിച്ചടയ്ക്കാൻ 15 ദിവസം സാവകാശം നൽകണമെന്നും ഭാര്യ ഗീതമ്മ വീട്ടിലെത്തിയ ധനകാര്യ സ്ഥാപന ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ വിസമ്മതിച്ചു. വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപന ജീവനക്കാർ അസഭ്യവർഷം നടത്തിയ ശേഷമാണ് സന്തോഷ് മാനസികമായി തകർന്നതെന്നും ജീവനൊടുക്കിയതെന്നും ഗീതമ്മ പറയുന്നു.