തൊടുപുഴ: വനിതാ ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് സി.പി.എമ്മിലെ ഒരു വിഭാഗം. മണ്ണത്താംചേരി ബ്രാഞ്ച് സെക്രട്ടറിയും മണക്കാട് പഞ്ചായത്ത് മുൻ അംഗവുമായ വനിതയെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതാണ് ഇവരുടെ എതിർവിഭാഗം പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അരിക്കുഴ സ്കൂൾ ജംഗ്ഷനിൽ ബ്രാഞ്ച്,​ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം. രണ്ട വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മൂന്ന് ടേം ബ്രാഞ്ച് സെക്രട്ടറിയായ ഇവരെ ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ പുകച്ച് പുറത്ത് ചാടിച്ചത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് രണ്ടാം വാർഡ് മെമ്പറായിരുന്ന ഇവർക്കെതിരെ രണ്ട് വർഷം മുമ്പ് നടന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ചിറ്റൂർ ലോക്കൽ കമ്മിറ്റിക്ക് പരാതി ലഭിക്കുന്നത്. ഇതിന് കാരണം ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായിരുന്ന വനിതാ മെമ്പറുടെ മോശം പ്രവർത്തനമാണെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ലോക്കൽ കമ്മിറ്റി ഇവരോട് വിശദീകരണം തേടി. മാത്രമല്ല ഇക്കാരണത്താൽ ഇവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റും നൽകിയില്ല. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ലോക്കൽ കമ്മിറ്റിയിൽ നടന്ന അവലോകനത്തിൽ ഒന്ന്,​ രണ്ട്,​ മൂന്ന് വാർഡുകളിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ കാരണം വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ പാർട്ടി വിരുദ്ധപ്രവർത്തനമാണെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഏരിയാ കമ്മിറ്റി അംഗം അദ്ധ്യക്ഷനായി രണ്ടംഗ കമ്മിഷനെയും വച്ചു. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനിതാ സെക്രട്ടറിയെ ഒരു വർഷത്തേക്ക് പാ‌ർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. ഈ ശുപാർശ കഴിഞ്ഞ ദിവസം തൊടുപുഴ ഏരിയാ കമ്മിറ്റി അംഗീകരിച്ചു. ഇതേ തുടർന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ഇവരെ പുറത്താക്കിയെന്ന് പറഞ്ഞ് ആഘോഷം സംഘടിപ്പിച്ചത്. എന്നാൽ പുറത്താക്കുകയാണോ സസ്പെൻഡ് ചെയ്യുകയാണോ ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയില്ല. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തൊടുപുഴ ഏരിയാ ജോയിന്റ് സെക്രട്ടറിയും എൻ.ആർ.ഇ.ജി യൂണിയൻ തൊടുപുഴ ഏരിയാ പ്രസിഡന്റുമായിരുന്നു ഇവർ. അതേസമയം തൊടുപുഴ ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയുടെ ഭാഗമായി നടന്ന വെട്ടിനിരത്തലാണ് ഇതെന്നും ആക്ഷേപമുയരുന്നുണ്ട്. എന്തായാലും എപ്പോഴും വനിതകൾക്ക് കൂടുതൽ അവസരം നൽകുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എം തന്നെ ഇത്തരത്തിൽ സ്ത്രീയെ പുറത്താക്കിയത് ആഘോഷമാക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ ചിലർക്ക് അതൃപ്തിയുണ്ട്.