കൊടുകുത്തി: കരിങ്കുന്നം- കുണിഞ്ഞി റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളാകുന്നു. ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണ്. പുറപ്പുഴ പഞ്ചായത്തിലെ മടക്കച്ചേരി കവല മുതൽ കൊടികുത്തി വരെയുള്ള രണ്ട് കീലോമീറ്റർ ടാറിംഗ് പൂർണമായും പൊളിഞ്ഞ് കല്ലും മണ്ണും മാത്രമായി. ഈ ഭാഗങ്ങളിലെ ഓട അടഞ്ഞതുമൂലം വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ദുരവസ്ഥ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നാളിതു വരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ വിവരങ്ങൾ കാണിച്ച് പൊതുമരാമത്ത് മന്ത്രിക്കും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അടിയന്തരമായി അധികാരികൾ ഇടപെട്ട് പ്രദേശവാസികളുടെ യാത്ര ദുരിതത്തിന് ഒരു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.