തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ മലിനജലമൊഴുകുന്ന പൈപ്പിലെ ചോർച്ചയെ തുടർന്ന് ആശുപത്രിക്ക് മുമ്പിലൂടെയും റോഡിലൂടെയും വെള്ളമൊഴുകുന്നു. ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയിലൂടെ പോകുന്ന പൈപ്പിലാണ് ചോർച്ച. ഇവിടെ നിന്ന് മലിനജലം ആശുപത്രിക്ക് മുന്നിലേക്കാണ് വീഴുന്നത്. ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലും വെള്ളം വീഴുന്നുണ്ട്. ഈ വെള്ളം ഒഴുകി കാരിക്കോട്- ന്യൂമാൻ കോളേജ് റോഡിലെത്തുന്നത് കാൽനട യാത്രികർക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒരാഴ്ചയായി ഇത്തരത്തിൽ വെള്ളമൊഴുകാൻ തുടങ്ങിയിട്ടെന്ന് രോഗികൾ പറയുന്നു. സ്വീവേജ് ടാങ്കിലെ തകരാറാണ് പൈപ്പിലൂടെ മലിനജലം ഒഴുകാൻ കാരണം. നിരവധി രോഗികളെത്തുന്ന ഇതിലൂടെ മലിനജലമൊഴുകുന്നത് പകർച്ച വ്യാധികൾ പടരാനിടയാക്കുമോയെന്ന ആശങ്കയുമുണ്ട്.
'പൈപ്പ് പൊട്ടിയതല്ല, സ്വീവേജ് ടാങ്കിലെ തകരാറാണ് പ്രശ്നം. ഇതിന് ടാങ്ക് വൃത്തിയാക്കേണ്ടതുണ്ട്. ഇതിന് കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. ഉടൻ പ്രശ്നം പരിഹരിക്കും."
-ആർ.എം.ഒ ഡോ. പ്രീതി