വണ്ടൻമേട്: സ്വകാര്യ ഏലത്തോട്ടത്തിൽ മരക്കൊമ്പ് വെട്ടുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് കൗമാരക്കാരൻ മരിച്ചു. വാഴവീട് കങ്കാണിഹൗസിൽ മദൻകുമാറാണ് (18) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. വാഴവീട് ഭാഗത്തെ സ്വകാര്യ ഏലത്തോട്ടത്തിൽ മരച്ചില്ല വെട്ടുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന മദൻ കുമാർ ഇരുമ്പ് ഏണി എടുത്ത് മാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ മുട്ടിയാണ് വൈദ്യുതാഘാതമേറ്റത്. തൊഴിലാളികൾ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. വണ്ടന്മേട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.