manoj

കുമളി: ചക്കുപള്ളം ഇടമത്തുകാട്ടിൽ മനോജ് പല കൃഷിയും ചെയ്തെങ്കിലും ഒടുവിൽ പച്ച പിടിച്ചത് 'പച്ച പൊന്നിലായിരുന്നു". അങ്ങനെയാണ് സ്‌പൈസസ് ബോർഡിന്റെ 2019- 20 വർഷത്തെ മികച്ച ഏല കർഷകനുള്ള അവാർഡ് മനോജിനെ തേടിയെത്തുന്നത്. പാരമ്പര്യമായി കാർഷിക കുടുംബമാണ് മനോജിന്റേത്. തറവാട്ടിൽ നിന്ന് മാറി മറ്റ് പല കൃഷികളും നടത്തിയെങ്കിലും വിജയം കണ്ടത് ഏലക്കൃഷിയായിരുന്നു. കൊടികൃഷി കേടു പിടിച്ച് നഷ്ടത്തിലേയ്ക്ക് പോയതോടെയാണ് ഏഴ് വർഷങ്ങൾക്ക് മുമ്പ് മനോജ് ഏലക്കൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. നഷ്ട സാദ്ധളതകൾ ഏറെയുള്ള കൃഷിയാണെങ്കിലും ഭാര്യ സുജയുടെ ശക്തമായ പിന്തുണ കിട്ടിയതോടെ പിന്നെ ഒന്നും ആലോചിക്കാതെ ഏഴ് ഏക്കറിൽ ഏലകൃഷി ആരംഭിച്ചു. എല്ലുമുറിയെ പണിയെടുത്തതിന്റെ ഫലമായി നാളിതുവരെ ഏലത്തിൽ നിന്നൊരു തിരിച്ചടിയുണ്ടായിട്ടില്ല. ഏലകൃഷിയിൽ വിജയം കണ്ടതോടെ വീടിനോട് ചേർന്ന് സ്ഥാപിച്ച ഏലയ്ക്ക സംസ്‌കരണ യൂണിറ്റിലും കർഷകരുടെ വലിയ നിരയെന്നും കാണാം. ഏലകൃഷിയ്‌ക്കൊപ്പം 20 സെന്റ് കെട്ടിത്തിരിച്ച് കപ്പ, ചേമ്പ്, ചേന തുടങ്ങിയ വിഭവങ്ങളും മനോജ് കൃഷി ചെയ്യുന്നുണ്ട്. പുറ്റടി സ്പൈസ് പാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥർ സമീപത്തെ ഏലക്കൃഷി സന്ദർശിക്കുന്ന കൂട്ടത്തിലാണ് മനോജിന്റെയും തോട്ടം കണ്ടത്. പിന്നീടവർ പലതവണ സന്ദർശിച്ച് ഏറ്റവും മികച്ച കൃഷിക്കാരനെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് അവാർഡിന് ശുപാർശ ചെയ്തത്. ഒരു ലക്ഷം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്. അവാ‌ർഡ് നൽകുന്ന തീയതി നിശ്ചയിച്ചിട്ടില്ല. എട്ടാം ക്ലാസുകാരിയായ അഞ്ചനയും അഞ്ചാം ക്ലാസുകാരൻ അഭിജിത്തുമാണ് മക്കൾ.