moonnar
നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന മൂന്നാർ ഹൈ ആൾട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്റർ

മൂന്നാർ: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററുകളിൽ ഒന്നായ മൂന്നാർ ഹൈആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സെന്റർ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് കായിക വകുപ്പിൽ നിന്ന് ഒരു കോടി ഏഴു ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളും 40 ലക്ഷം രൂപ മുടക്കു മുതലിൽ ഇന്റർനാഷണൽ നിലവാരത്തിലുള്ള ജിംനേഷ്യത്തിന്റെയും ഫിൽട്രേഷൻ പ്ലാന്റിന്റെയും നിർമ്മാണം ആരംഭിച്ചത്. ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള കായികതാരങ്ങൾക്ക് താമസിച്ച് മികച്ച രീതിയിൽ പരിശീലനം നടത്തുന്നതിനുള്ള സൗകര്യം സെന്ററിൽ ലഭ്യമാകും. ജിംനേഷ്യം പൊതുജനങ്ങൾക്കും കൂടി ഉപയോഗിക്കുന്നതിനുള്ള അവസരം ഉണ്ടാകും. സർക്കാരിന്റെ ഇച്ഛാശക്തിയോടുകൂടിയുള്ള ഇടപെടലിന്റെ ഭാഗമായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഡ്വ. എ. രാജ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗം പൂർത്തീകരിക്കാനും 15 ഏക്കർ വരുന്ന സ്‌പോർട്‌സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള മൂന്നാർ സ്റ്റേഡിയം കായിക വകുപ്പുമായി ബന്ധപ്പെട്ട് നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കാനും തീരുമാനിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, സംസ്ഥാന കായികവകുപ്പ് എൻജിനീയറിംഗ് വിഭാഗം മേലധികാരികൾ, സ്‌പോർട്‌സ് കൗൺസിൽ ഉദ്യോഗസ്ഥർ, ജില്ലാ യോഗാ അസോസിയേഷൻ പ്രസിഡന്റ് ആർ. ഈശ്വരൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മെമ്പർ ആർ. മോഹനൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.