 സബ് കളക്ടർ റിപ്പോർട്ട് കൈമാറി

ഇടുക്കി: ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി മൂന്നാർ ഗ്യാപ്പ് റോഡിൽ നിന്ന് കരാറുകാരന്റെ നേതൃത്വത്തിൽ അനധികൃതമായി പൊട്ടിച്ച് കടത്തിയത് 4.52 കോടി നഷ്ടം വരുന്ന 2.5 ലക്ഷത്തിലധികം ക്യുബിക് മീറ്റർ പാറ. സംഭവത്തിൽ ആവശ്യമെങ്കിൽ വിദഗ്ദ്ധസമിതിയുടെ അന്വേഷണം വേണമെന്ന് കാട്ടി ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി. ഇന്നലെ രാവിലെയാണ് ജില്ലാ ജിയോളജിസ്റ്റും ദേവികുളം, ഉടുമ്പൻചോല സർവെയർമാരും പൊതുമരാമത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് സബ് കളക്ടർക്ക് കൈമാറിയത്. ഇതിൽ ദേവികുളം ഭാഗത്ത് നിന്ന് 93,000 ക്യുബിക് മീറ്ററും ഉടുമ്പൻചോല ഭാഗത്ത് നിന്ന് 1,57,960 ക്യുബിക് മീറ്ററും പാറ അനധികൃതമായി പൊട്ടിച്ചതായി കണ്ടെത്തി. വിവിധ ഭാഗങ്ങളായി തിരിച്ച് പാറയുടെ ആഴം കണക്ക് കൂട്ടിയാണ് പരിശോധന നടത്തിയത്. അലൈന്റ്‌മെന്റ് പ്രകാരം അനുവദിച്ചിരിക്കുന്ന പാറയുടെ ഉള്ളിലേക്ക് കയറി പൊട്ടിച്ചെടുത്തതാണ് ഇവയെല്ലാം. ഒരു ഡസണിലധികം സ്ഥലത്ത് വലിയ തോതിൽ പാറയിടിഞ്ഞ് പോയതിനാൽ ഇതിന്റെ അനുവദനീയമായ അതിർത്തി നിർണ്ണയിക്കാനായിരുന്നില്ല. തുടർന്ന് ഗൂഗിൾ ഇമേജിന്റെ സഹായത്തോടെയാണ് ഇത് കണക്കാക്കി നഷ്ടപ്പെട്ട പാറയുടെ അളവെടുത്തത്. ഏഴ് മീറ്റർ ദൂരത്തിൽ രണ്ടര കിലോ മീറ്ററോളം വരുന്ന ഭാഗത്തെ പാറയാണ് പൊട്ടിക്കാൻ ഗ്യാപ്പ് റോഡിൽ മാത്രം അനുവദിച്ചിരുന്നത്. റോഡ് നിർമാണത്തിന് ആകെ 5,30,676 ക്യുബിക് മീറ്റർ പാറ ഖനനത്തിന് അനുമതിയുണ്ടായിരുന്നു. ഇതിന്റെ വിലയായ 13.67 കോടി രൂപ കുറവ് വരുത്തി 268 കോടിക്കാണ് അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് 2017ൽ ദേശീയ പാത 85ന്റെ നിർമാണ കരാർ നൽകിയത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇതിന്റെ ഉപകരാർ ഏറ്റെടുത്ത് ജോലികൾ നടത്തുന്നത്. ആകെ 12 മീറ്റർ ഉപരിതല വീതിയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42.78 കിലോ മീറ്റർ റോഡാണ് നിർമിക്കാൻ അനുമതി നൽകിയത്.