തൊടുപുഴ: പണം തട്ടിച്ചു മുങ്ങിയ ക്രിസ്റ്റൽ ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാരെ നടുറോഡിൽ മർദ്ദിച്ച് നിക്ഷേപകർ. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തൊടുപുഴ അമ്പാടി ഹോട്ടലിന് സമീപത്തായിരുന്നു സംഭവം. കാറിലെത്തിയ സ്ഥാപനത്തിലെ ജീവനക്കാരെ നിക്ഷേപകർ തിരിച്ചറിയുകയും കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുടെ ഷർട്ട് വലിച്ച് കീറി മർദ്ദനം തുടർന്നതോടെ നാട്ടുകാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അക്രമം തുടർന്നു. പൊലീസ് സംഭവ സ്ഥലത്തെത്തുകയും തുടർന്ന് ഇരുകൂട്ടരുമായി ചർച്ച നടത്തി സ്ഥലത്തെ ക്രമസമാധാനം പുന:സ്ഥാപിച്ചു. പരിക്കേറ്റ ജീവനക്കാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ക്രിസ്റ്റൽ ഗ്രൂപ്പ് സ്ഥാപത്തിന്റെ ഉടമ വണ്ണപ്പുറം സ്വദേശി അഭിജിത്ത് തങ്ങളെയും കബളിപ്പിച്ചെന്ന് കാട്ടി ജീവനക്കാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഇത്തരത്തിലുള്ള സംഭവം വെള്ളിയാഴ്ച രാത്രിയിൽ അരങ്ങേറിയത്.