ഇലപ്പള്ളി: ഇലപ്പള്ളി പാത്തിക്കപ്പാറ ജോസിന്റെ അടച്ചിട്ടിരുന്ന പലചരക്ക് കട ഡീസൽ ഒഴിച്ച് അജ്ഞാതൻ തീയിട്ടു. ശനിയാഴ്ച രാവിലെ കടയിൽ പത്രമെടുക്കാൻ എത്തിയ ജോസിന്റെ ഭാര്യ മോളിയാണ് കടയ്ക്കകത്ത് തീകത്തിയതായി സംശയം തോന്നി വീട്ടിൽ ചെന്ന് വിവരം അറിയിച്ചത്. കട തുറന്നപ്പോൾ ഡീസലിന്റെ മണമുണ്ടായിരുന്നു. സോഡാ കുപ്പികൾ വച്ചിരുന്ന പ്ലാസ്റ്റിക് പാത്രം കത്തിയുരുകി കടയ്ക്കകത്തും പുറത്തും വീണിട്ടുണ്ട്. സോഡാ കുപ്പികൾ പൊട്ടിതെറിച്ചു തീ പിടിച്ചും ഏറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർന്ന് ജോസ് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ കടക്കകത്തേയ്ക്ക് ഡീസൽ ഒഴിച്ച ശേഷം പേപ്പർ കത്തിച്ച് തീയിട്ടതാണെന്നാണ് സംശയിക്കുന്നത്. ഡീസൽ അകത്തേയ്ക്ക് കൂടുതൽ ഒഴുകാതിരുന്നതുകൊണ്ട് വലിയ അപകടം സംഭവിച്ചില്ല. പ്ലാസ്റ്റിക് കവറുകളിൽ ഉണ്ടായിരുന്ന ബേക്കറി സാധനങ്ങളും അരി ഉൾപ്പെടെയുള്ളവയും കത്തിയും ഉരുകിയും നഷ്ടപ്പെട്ടിട്ടുണ്ട്.