ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താനിൽ 15 വർഷം മുമ്പ് ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച വിയറ്റ്‌നാം കുടിവെള്ള പദ്ധതി അധികൃതരുടെയും ഗുണഭോക്തൃകമ്മറ്റിയുടേയും അവഗണനയിൽ പ്രവർത്തന രഹിതമായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ അവികസിത പ്രദേശമായ വിയറ്റ്‌നാം കോളനിയിലെ ഇരുന്നൂറോളം കുടുബങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണ് നിർജീവാവസ്ഥയിലുള്ളത്. പാറക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശത്ത് വേനൽക്കാലത്ത് കുടിവെള്ളത്തിന് കടുത്ത ക്ഷാമമാണ്. മഴക്കാലത്ത് ആവശ്യത്തിന് വെള്ളം കിട്ടുമെങ്കിലും വേനൽക്കാലത്ത് കടുത്ത വരൾച്ചയനുഭവപ്പെടുന്ന സ്ഥലമാണിത്. കുഴൽകിണർ അടിച്ചാൽ മാത്രമേ വേനൽകാലത്ത് കുടിവെള്ളം ലഭിക്കൂ. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയനുവദിച്ചിരുന്നു. ഇതുപയോഗിച്ച് കുളവും ഉയർന്നപ്രദേശത്ത് ടാങ്കും നിർമ്മിച്ച് മോട്ടോറും പൈപ്പും സ്ഥാപിച്ചു. ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്തശേഷം താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾക്ക് സമീപം പൈപ്പിലൂടെ ലഭിക്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി ഗുണഭോക്തൃ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. വെള്ളം പമ്പ് ചെയ്യുന്നതിന്റെ കൂലിയും വൈദ്യുതി ചാർജും ഉപഭോക്താക്കൾ നൽകണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് കുടിവെള്ള പദ്ധതി ഒരുവർഷത്തോളം പ്രവർത്തിച്ചു. ഇതിനിടെ മോട്ടോർ കേടായി. എന്നാൽ ഇത് നന്നാക്കാൻ ആരും തയ്യാറായില്ല. ആരും ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതിയും വിച്ഛേദിച്ചു. പിന്നീട് ജനപ്രതിനിധികളോ ഗുണഭോക്തൃ കമ്മിറ്റിയോ അന്വേഷിക്കാതായതോടെ പൈപ്പുകൾ പലരും മോഷ്ടിച്ചുകൊണ്ടുപോവുകയും മോട്ടോർ നശിച്ചുപോവുകയും ചെയ്തു. പാവപ്പെട്ടവരും ആദിവാസികളും ദളിത് വിഭാഗത്തിൽപ്പെടുന്നവരുമുൾപ്പെടെ താമസിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വിയറ്റ്‌നാം കുടിവെള്ള പദ്ധതി വീണ്ടുമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലക്ഷങ്ങൾ കുളമാക്കി
കഞ്ഞിക്കുഴി പഞ്ചായത്ത് ജലനിധിയിലുൾപ്പെടുത്തി പിന്നീട് അറ്റകുറ്റപണികൾ നടത്തിയതിന്റെ പേരിൽ ബില്ലെഴുതി അധികാരികൾ ലക്ഷകണക്കിനു രൂപ തട്ടിയെങ്കിലും പ്രവർത്തനക്ഷമമായില്ല. ഇപ്പോൾ ടാങ്കും കുളവും മാത്രമാണ് അവശേഷിക്കുന്നത്. അതുമൂലം ഈ പ്രദേശത്തുള്ള ഇരുന്നൂറോളം കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്.