rasheed
റഷീദ് കലയന്താനി

തൊടുപുഴ: തന്റെ ഘനഗംഭീരമായ ശബ്ദം കൊണ്ട് ആയിരങ്ങളെ ആകർഷിച്ച പ്രശസ്തനായ അനൗൺസറായിരുന്നു ഇന്നലെ അന്തരിച്ച റഷീദ് കലയന്താനി. കലാനിലയം നാടകവേദിയുടെ സ്ഥിരം അനൗൺസറായി കേരളത്തിലങ്ങോളമിങ്ങോളം റഷീദ് പ്രവർത്തിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നെയ്യശ്ശേരിയിലുള്ള വീട്ടിലായിരുന്നു റഷീദ് കലയന്താനി എന്ന പുന്നംപുരക്കൽ റഷീദിന്റെ മരണം. കുന്നം കാരൂപ്പാറ സ്വദേശിയായ റഷീദ് അനൗൺസറായപ്പോൾ പേരിനൊപ്പം കലയന്താനി കൂടി ചേർക്കുകയായിരുന്നു. റെക്കോർഡ് ചെയ്ത രീതിക്ക് പകരം ലൈവായി അനൗൺസ് ചെയ്യുന്നതായിരുന്നു റഷീദിന്റെ പ്രത്യേകത രീതി. പുത്തൻസാങ്കേതിക വിദ്യകൾ പരസ്യ പ്രചാരണ രംഗത്ത് വന്നപ്പോഴും ഈ 65കാരൻ മേഖലയിൽ സജീവമായിരുന്നു. മൂന്ന് വർഷം മുമ്പ് കലാനിലയം നാടകമേള തൊടുപുഴയിൽ എത്തിയപ്പോഴും റഷീദ് അനൗൺസറായിരുന്നു. 1982ൽ കലാനിലയം നാടകമേള തൊടുപുഴയിലെത്തിയ സമയത്താണ് നഗരത്തിലൂടെ തുണിക്കടയുടെ പരസ്യ അനൗൺസ്‌മെന്റുമായി പോയ റഷീദിനെ കലാനിലയത്തിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചത്. അങ്ങനെയാണ് അവരോടൊപ്പം സ്ഥിരം അനൗൺസറായി മാറിയത്. കലാനിലയം കൃഷ്ണൻനായർക്കൊപ്പം പ്രവർത്തിച്ച റഷീദ് പിന്നീട് അദ്ദേഹിത്തിന്റെ മകൻ അനന്ത പദ്മനാഭനോടോപ്പവും പ്രവർത്തിച്ചു. കടമറ്റത്തു കത്തനാർ പ്രദർശനത്തിന് എത്തിയെങ്കിലും കൊവിഡ് വന്നതോടെ പ്രദർശനം നിലയ്ക്കുകയായിരുന്നു. കൊവിഡ് ദുരിതം കഴിഞ്ഞു അനൗൺസ്‌മെന്റ് മേഖലയിൽ വീണ്ടും സജീവമാകാമെന്ന ആഗ്രഹം സഫലമാകാതെയാണ് ആ ശബ്ദം നിലച്ചത്.