മുട്ടം: കൊവിഡ് വ്യാപന തോത് കണ്ടെത്താനും അവ നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി മുട്ടം ഗ്രാമ പഞ്ചായത്തിൽ മെഗാ കൊവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച മുതൽ നടത്തി വരുന്ന ക്യാമ്പിൽ ഇതുവരെ 304 പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ഇതിൽ നാല് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇവരെ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡൊമിസിലറി കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മുട്ടം ആരോഗ്യ കേന്ദ്രത്തിലും വ്യാഴം, ശനി ദിവസങ്ങളിൽ മാത്തപ്പാറ, ഇടപ്പള്ളി, തോട്ടുംകര എന്നിവിടങ്ങളിലുമാണ് ക്യാമ്പ് നടത്തിയത്. രണ്ട്, മൂന്ന് വാർഡുകളിൽ നിന്ന് 70 പേരും 1, 12, 13 വാർഡുകളിൽ നിന്നായി 186 പേരും ആശുപത്രിയിൽ 48 പേരും ടെസ്റ്റിന് വിധേയരായി. വരും ദിവസങ്ങളിലും ക്യാമ്പ് തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ പറഞ്ഞു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.സി. ചാക്കോയുടെ മേൽനോട്ടത്തിൽ നടന്ന ക്യാമ്പുകളിൽ ഡോ. ലിനി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ലിൻസൺ, സാബു എന്നിവരും മറ്റ് ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാരായ അരുൺ ചെറിയാൻ പൂച്ചക്കുഴി, മേഴ്‌സി ദേവസ്യ, സൗമ്യ സാജബിൻ, ഡോളി രാജു, റെജി ഗോപി എന്നിവർ വാർഡ് തലങ്ങളിൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.