ഇടുക്കി: നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ 'ഗാഡ്ജറ്റ് ചലഞ്ച് ' പദ്ധതിക്ക് തുടക്കമായി. പ്രിൻസിപ്പൽ ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനുമായ മുഹമ്മദ് വസീം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട നിർധനരായ വിദ്യാർത്ഥികൾക്ക് വേണ്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപകർ ജഡ്ജിയിൽ നിന്ന് ഫോണുകൾ ഏറ്റു വാങ്ങി. തൊടുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജുമായ നിക്‌സൻ എം. ജോസഫ്, സബ് ജഡ്ജ് റോഷൻ തോമസ്, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ പി.എ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസഫ് മാത്യു, അഡ്വ. സി.കെ. വിദ്യാസാഗർ എന്നിവർ യോഗത്തിൽ സംസാരിച്ചു. ജില്ലയിലെ വിവിധ ജുഡീഷ്യൽ ആഫീസർമാർ, ലയൺസ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് 'ഗാഡ്ജറ്റ് ചലഞ്ച്' പദ്ധതി നടപ്പിലാക്കുന്നത്.