അടിമാലി: കല്ലാർക്കുട്ടി 10 ചെയിൽ മേഖലയിലെ കർഷകർ ആറര പതിറ്റാണ്ടുകളായി പട്ടയത്തിനുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സമീപപ്രദേശങ്ങളിൽ പട്ടയവിതരണം നടന്നിരുന്നു. ഇരട്ടയാർ ഡാമിന്റെ കാച്ച്‌മെന്റ് ഏരിയ പ്രദേശത്തും ഏഴു ചെയിൻ പ്രദേശത്തും പട്ടയം നൽകി. എന്നാൽ 3500 കുടുംബങ്ങൾ താമസിക്കുന്ന കല്ലാർകുട്ടി ഡാമിന്റെ കാച്ച്‌മെന്റ് ഏരിയാ പ്രദേശത്ത് മാത്രം പട്ടയം നൽകിയിട്ടില്ല. രണ്ടു പഞ്ചായത്തുകളിലായി താമസിക്കുന്ന ഇവർ സാധാരണ കൃഷിക്കാരും കൂലി വേലക്കാരുമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ വേദി നടത്തിയ സമരങ്ങളുടെ ഫലമായി സർക്കാർ ഡാം സേഫ്ടി കമ്മിഷൻ ജസ്റ്റിസ് രാമചന്ദ്രനെ പഠിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ചിരുന്നു. കമ്മിഷൻ കല്ലാർകുട്ടിയിൽ പട്ടയം നൽകാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഡൈവേർഷൻ ഡാം മാത്രമായ കല്ലാർകുട്ടി ഡാമിന് സമീപവാസികൾക്ക് പട്ടയം നൽകുന്നതിൽ തടസമില്ലെന്ന് കുടിയേറ്റ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട കേന്ദ്ര അന്വേഷണ കമ്മിഷൻ മാത്യു മണിയങ്ങാടൻ കമ്മിറ്റി സർക്കാറിന് നിർദേശം നൽകിയിട്ടുള്ളതാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളിലും ഡൈവേർഷൻ ഡാമായ ഇരട്ടയാർ ഡാമിന്റെ കാച്ച്മെന്റ് ഏരിയകളിലും പട്ടയം നൽകിയിട്ടുണ്ട്. 10 ചെയിൽ പ്രദേശത്ത് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര നടപടികളിലേക്ക് നീങ്ങുമെന്ന് കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ വേദി ഭാരവാഹികൾ പറഞ്ഞു.
അവകാശങ്ങൾ ലഭിക്കുന്നില്ല
ഇടുക്കി, ദേവികുളം താലൂക്കുകളിലായിട്ടുള്ള മേഖലകളിലെ പന്തീരായിരത്തോളം വരുന്ന ജനങ്ങളുടെ ജീവിതം ദുരിതപൂർണമാണ്. കൊവിഡ് മഹാമാരി മൂലം സമൂഹം വലിയ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് സർക്കാർ കാർഷിക മേഖലയിൽ നൽകുന്ന സാമ്പത്തിക സഹായങ്ങളും കൃഷി അനുബന്ധ ഉത്തേജന പാക്കേജുകളും പട്ടയമില്ലെന്ന ഒറ്റ കാരണത്താൽ മേഖലയിലെ കർഷകർക്ക് ലഭ്യമാകുന്നില്ല. പട്ടയമില്ലെന്ന കാരണത്താൽ തന്നെ നിർമ്മാണപ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും മുരടിച്ച അവസ്ഥയാണ്.