തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ തെറ്റായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആറിന് തൊടുപുഴ മേഖലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് വ്യാപാരികൾ ഉപവാസ സമരം നടത്തും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിവിൽ സ്റ്റേഷനു മുൻവശത്ത് സമരം നടത്താൻ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സമരം ജില്ലാ ജനറൽ സെക്രട്ടറി ആർ. രമേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജമാൽ മുഹമ്മദ്, സുബൈർ എസ്. മുഹമ്മദ്, അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി താജു എം.ബി, അസോസിയേഷൻ ഭാരവാഹികൾ, യൂത്ത് വിംഗ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. തൊടുപുഴയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും കടകൾ അടച്ച് ധർണയിൽ പങ്കെടുക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സമരത്തോട് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അറിയിച്ചു.

വ്യാപാരികളുടെ ആവശ്യങ്ങൾ

 അശാസ്ത്രീയമായി ടി.പി.ആർ കണക്കാക്കുന്നത് അവസാനിപ്പിക്കണം

 മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണം

 റസ്റ്റോറന്റുകളിൽ മാനദണ്ഡങ്ങൾ പാലിച്ചു ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കണം

 കടകളുടെ പ്രവർത്തന സമയം നീട്ടണം

 ഓൺലൈൻ കുത്തകകളുടെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനം അവസാനിപ്പിക്കുക

 ചെറുകിടവ്യാപാരികളെ സംരക്ഷിക്കുന്നതിന് പാക്കേജ് അനുവദിക്കുക