തൊടുപുഴ: തരിശ് കിടന്ന ഹെക്ടർ കണക്കിന് ഭൂമിയിൽ പൊന്ന് വിളയിച്ച് കർഷകർ നേടിയത് കോടികൾ. ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന സൂചനയെ തുടർന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ തരിശു കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കിയത്.

ആയിരക്കണക്കിന് കർഷകരാണ് പദ്ധതിയുടെ ഭാഗമായത്. ഇവർക്ക് സബ്‌സിഡിയിനത്തിലാണ് 2.75 കോടി വിതരണം ചെയ്തത്. ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ പരിശോധന നടത്തിയാണ് കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തിയത്. പദ്ധതിയുടെ ഏകോപനവും ബ്ലോക്ക് തലത്തിലാണ് നടത്തിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയുടെ സേവനം പരമാവധി പദ്ധതിയ്ക്കായി പ്രയോജനപ്പെടുത്തി. കൂടാതെ ഹരിതകേരളം മിഷന്റെ സഹകരണവും പദ്ധതിയ്ക്ക് ലഭിച്ചു. പരമാവധി ഭക്ഷ്യോത്പന്നങ്ങൾ വിളയിച്ചെടുക്കുകയാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടത്. ഭക്ഷ്യവിള കൃഷി വ്യാപിക്കാനുള്ള പദ്ധതി കൃഷി വകുപ്പ് ആവിഷ്‌കരിച്ചപ്പോഴും കർഷകർ ഉത്പാദിപ്പിക്കുന്ന പല ഉത്പന്നങ്ങൾക്കും മതിയായ വില ലഭിക്കുമോയെന്ന് ആശങ്ക ഉയർന്നിരുന്നു. ലോക്ക് ഡൗൺ മൂലം ഉത്പന്നം വിൽക്കാനുള്ള ബുദ്ധിമുട്ട്, ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാനുള്ള തടസം എന്നിവയുണ്ടാകുമോയെന്നും സംശയമുയർന്നു. എന്നാൽ കൃഷിക്കാർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ കൃഷിവകുപ്പിന്റെ മാർക്കറ്റുകൾ വഴിയും ഹോർട്ടികോർപ്പ് സ്റ്റാളുകൾ വഴിയുമാണ് വിറ്റഴിച്ചത്. അതിനാൽ കർഷകർക്ക് മെച്ചപ്പെട്ട വിലയും സബ്‌സിഡി ആനൂകൂല്യവും ലഭിച്ചതായി അധികൃതർ പറഞ്ഞു. എന്നാൽ ഈ വർഷം പദ്ധതി നടപ്പാക്കാനുള്ള നടപടിയൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

വിളഞ്ഞത് ആയിരത്തോളം ഹെക്ടർ

പദ്ധതിക്കായി എട്ട് ബ്ലോക്കുകളിൽ നടത്തിയ പരിശോധനയിൽ 937 ഹെക്ടർ തരിശു നിലമാണ് കണ്ടെത്തിയത്. ഇതിൽ 785 ഹെക്ടർ സ്ഥലത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നെല്ലുൾപ്പെടെ ഭക്ഷ്യയോഗ്യമായ വിവിധ വിളകൾ കൃഷി ചെയ്തു. ഇതിനു പുറമെ എല്ലാ പഞ്ചായത്തുകളിലും ജനകീയാസൂത്രണത്തിന്റെ ഭാഗമായും പദ്ധതി നടപ്പിലാക്കിയിരുന്നു. തരിശായി കിടക്കുന്ന 160 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഇറക്കുന്നതിനാണ് ലക്ഷ്യമിട്ടതെങ്കിലും 47.77 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്തത്. 209 ഹെക്ടറിൽ വാഴ കൃഷി നടത്തി. 243.1 ഹെക്ടറിൽ പച്ചക്കറികളും 27 ഹെക്ടറിൽ പയർ വർഗങ്ങളും കൃഷി ചെയ്തു. 208 ഹെക്ടറിൽ കപ്പയുൾപ്പെടെയുള്ള കിഴങ്ങുവർഗ വിളകളുമാണ് കൃഷി ചെയ്തത്.